ലക്നൗ : മഹാശിവരാത്രി പൂജകൾക്കായി കാശി വിശ്വനാഥ ക്ഷേത്രം അലങ്കരിച്ചത് സ്വർണം ഉപയോഗിച്ച്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചുവരുകളും താഴികക്കുടത്തിന്റെ താഴ്ന്ന ഭാഗവുമാണ് സ്വർണംകൊണ്ട് അലങ്കരിച്ചത്. ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായിരുന്നു അത്.
60 കിലോ സ്വർണം കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് ഒരു ഭക്തൻ സംഭാവന ചെയ്തിരുന്നു. ഇതിൽ 37 കിലോ ശ്രീകോവിലിന്റെ ചുവരുകൾ അലങ്കരിക്കാൻ ഉപയോഗിച്ചു. ഗുജറാത്തിൽ നിന്നും ഡൽഹിയിൽ നിന്നും എത്തിയ വിദഗ്ധരാണ് അലങ്കാരപ്പണികൾ ചെയ്തത്. 23 കിലോ സ്വർണം കൊണ്ടാണ് താഴികക്കുടത്തിന്റെ താഴ്ഭാഗം അലങ്കരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി പൂജകൾ ചെയ്തപ്പോഴും ഈ ദൃശ്യങ്ങൾ വ്യക്തമായിരുന്നു.
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ഉദ്ഘാടനം ചെയ്യുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ക്ഷേത്രത്തിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചുകൊണ്ട് ഒരാൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ക്ഷേത്ര ചുവരുകളിൽ സ്വർണം പൂശാൻ തീരുമാനിച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് ചുവരിന്റെ അലങ്കാരപ്പണികൾ നടന്നത്. പ്ലാസ്റ്റിക് പാളി കൊണ്ടും, കോപ്പർ പാളി കൊണ്ടും മൂടിയ ശേഷമാണ് ചുവരിൽ സ്വർണ പാളികൾ ഘടിപ്പിച്ചത്.
എന്നാൽ ഇത് രണ്ടാമത്തെ തവണയാണ് ക്ഷേത്രം സ്വർണം കൊണ്ട് അലങ്കരിക്കുന്നത്. പഞ്ചാബിലെ മഹാരാജ രഞ്ജീത് സിംഗിന്റെ കാലഘട്ടത്തില് ക്ഷേത്ര നവീകരണത്തിനായി അദ്ദേഹം ഒരു ടൺ സ്വർണം സംഭാവന ചെയ്തിരുന്നു. ക്ഷേത്രത്തിലെ താഴികക്കുടങ്ങളാണ് അന്ന് അലങ്കരിച്ചത്.
















Comments