ന്യൂഡൽഹി: യുക്രെയ്ൻ രക്ഷാദൗത്യത്തിൽ നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കാൻ വേണ്ട നടപടികൾ യോഗത്തിൽ ചർച്ചയാകും.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല എന്നിവരും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ ഗംഗയുടെ രക്ഷാദൗത്യം ഊർജിതമാക്കുന്നതിനും നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി യുക്രെയ്‌ന്റെ നാല് അയൽരാജ്യങ്ങളിലേക്ക് കേന്ദ്രസർക്കാർ മന്ത്രിമാരെ വിന്യസിച്ചിട്ടുണ്ട്. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന ഹംഗറി, സ്ലൊവാക്യ, റുമാനിയ, പോളണ്ട് എന്നീ രാജ്യങ്ങളിലേക്കാണ് കേന്ദ്രമന്ത്രിമാരെ അയച്ചത്. ഹർദീപ് സിംഗ് പുരി, കിരൺ റിജിജു, ജ്യോതിരാദിത്യ സിന്ധ്യ, ജനറൽ വികെ സിംഗ്. എന്നീ കേന്ദ്രമന്ത്രിമാരാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ യുക്രെയ്‌ന്റെ അയൽരാജ്യങ്ങളിലെത്തിയത്.
ഇതുവരെ ഒമ്പത് വിമാനങ്ങളിലായി രണ്ടായിരത്തിലധികം ഇന്ത്യൻ പൗരന്മാരെയാണ് യുക്രെയ്‌നിൽ നിന്നും തിരികെയെത്തിച്ചത്. ഓപ്പറേഷൻ ഗംഗയുടെ രക്ഷാദൗത്യം ഊർജിതമായി പുരോഗമിക്കുകയാണ്.
















Comments