ന്യൂഡൽഹി : യുക്രെയ്‌നിലെ റഷ്യൻ ആക്രമണം രജപുത്രരെ മുഗുളന്മാർ കൊന്നൊടുക്കിയത് പോലെയാണെന്ന് ഇന്ത്യയിലെ യുക്രെയ്ൻ അംബാസിഡർ ഡോ. ഇഗോർ പോളിൻഖ. റഷ്യ ആക്രമണം ആരംഭിച്ചപ്പോൾ സഹായത്തിനായി നിരവധി രാജ്യങ്ങളെ സമീപിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ആവശ്യപ്പെട്ടത് എന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
റഷ്യയുടെ ഷെല്ലാക്രമണത്തിന് ഇരയായ ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മരണത്തിൽ അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി. നേരത്തെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് റഷ്യ ആക്രമണം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ജനവാസമേഖലകളെയും ഇവർ ലക്ഷ്യമിടുകയാണെന്നും ഡോ. ഇഗോർ പോളിഖ പറഞ്ഞു.
എങ്ങിനെയെല്ലാം സഹായിക്കണമെന്ന കാര്യത്തിൽ ഇന്ത്യയും യുക്രെയ്‌നും തമ്മിൽ ചർച്ച നടത്തി. പ്രതിസന്ധി ഘട്ടത്തിൽ സഹായം നീട്ടിയ ഇന്ത്യയോട് കടപ്പെട്ടിരിക്കുന്നു. പോളണ്ടിൽ ഇന്നു തന്നെ ആദ്യ വിമാനം എത്തിച്ചേരുമെന്നാണ് കരുതുന്നത്. യുക്രെയ്‌നിന് ഇന്ത്യയുടെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് വിദേശകാര്യസെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments