കീവ്: റഷ്യൻ സൈനികരെ ചെറുക്കാൻ നല്ല നാടൻ ബോംബുകൾ ഉണ്ടാക്കാനുളള പരിശീലനത്തിലാണ് യുക്രെയ്‌നിലെ യുവാക്കൾ. അധിനിവേശം തുടങ്ങിയതിന് പിന്നാലെ സാധാരണക്കാരും യുദ്ധത്തിനിറങ്ങണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ സൈനികർക്ക് ചുട്ടമറുപടി നൽകാൻ ബോംബ് നിർമാണം ഉൾപ്പെടെ യുക്രെയ്ൻ യുവാക്കൾ പരിശീലിക്കുന്നത്.
നാടൻ പെട്രോൾ ബോംബുകൾ ഉൾപ്പെടെ ഉണ്ടാക്കുന്ന വിധം ഇവർ പരിശീലിച്ചുകഴിഞ്ഞു. ആയുധങ്ങളൊന്നും കൈവശമില്ലാത്ത സാധാരണക്കാർ ഈ പെട്രോൾ ബോംബുകൾ കൊണ്ടാണ് റഷ്യൻ സേനയെ പേടിപ്പിക്കുന്നത്. കീവിന്റെ പടിഞ്ഞാറൻ നഗരമായ സിട്ടോമിറിൽ വനിതകൾ ഉൾപ്പെടെയുളള ഒരു സംഘം ഇതിനായി പ്രത്യേക പരിശീലന കളരി തന്നെ ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് പെട്രോൾ ബോംബ് നിർമിക്കുന്നതെന്നും തീ കൊളുത്തേണ്ടത് എങ്ങനെയാണെന്നും ശത്രുക്കൾക്ക് നേരെ എങ്ങനെ എറിയണമെന്നും ഉൾപ്പെടെയുളള കാര്യങ്ങൾ ഇവർ പരിശീലിപ്പിക്കുന്നു.
കീവ് നഗരത്തിൽ ഉൾപ്പെടെ ഇത്തരം ആയിരക്കണക്കിന് പെട്രോൾ ബോംബുകൾ തയ്യാറാക്കിവെച്ചതായിട്ടാണ് പ്രാദേശിക റിപ്പോർട്ടുകൾ. നഗരത്തിലെ റോഡുകളിൽ ഇരുന്ന് യുവാക്കൾ കൂട്ടത്തോടെ പെട്രോൾ ബോംബുകൾ ഉണ്ടാക്കുന്ന ചിത്രങ്ങൾ ഇതിനകം മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. റഷ്യൻ സൈനികർക്ക് നേരെ പെട്രോൾ ബോംബുകൾ വലിച്ചെറിയുന്ന ചിത്രങ്ങളും ഇതിനൊപ്പം പ്രചരിച്ചിരുന്നു.
ഇന്റർനെറ്റ് വീഡിയോകളിലൂടെ പെട്രോൾ ബോംബ് നിർമാണം വ്യാപകമായി പഠിപ്പിക്കുന്ന സംഘങ്ങളും സജീവമാണ്.
Leave a Comment