കോട്ടയം: സംസ്ഥാനത്ത് ഓരോ ദിവസവും ചൂട് കൂടിക്കൂടി വരികയാണ്. ഇത് കാരണം പകൽ 12 മുതൽ 3 വരെ പുറംസ്ഥലങ്ങളിലുള്ള ജോലിയ്‌ക്ക് ഇറങ്ങുന്നതിനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഏറ്റവും ചൂട് കൂടുതലുള്ള സ്ഥലമായി പറയുന്നത് പാലക്കാടിനെയാണ്. എന്നാൽ ഇക്കുറി ആ സ്ഥാനം കോട്ടയത്തിനാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്ത് തന്നെ ഏറ്റവും ചൂടുള്ള നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുകയാണ് കോട്ടയം.
37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് പകൽ സമയങ്ങളിൽ കോട്ടയത്തെ താപനില. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കോട്ടയം ആണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ നഗരം. 37.3 ഡിഗ്രി സെൽഷ്യസ് ചൂട് കഴിഞ്ഞ പകൽ ഇവിടെ രേഖപ്പെടുത്തി. അടുത്ത കാലത്തൊന്നും താപനില ഇത്രയധികം ഉയർന്നിട്ടില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
ആന്ധ്രയിലെ നന്ദ്യാലാണ് ചൂടിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. അഹമ്മദ് നഗർ (37.2), ഭദ്രാചലം (36.8), കർണൂൽ (36.6) എന്നീ സ്ഥലങ്ങളാണ് തൊട്ടു പിന്നിലായിട്ടുള്ളത്. ആറ് വർഷം മുൻപ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 38.5 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം 36 ഡിഗ്രിക്ക് മുകളിൽ ചൂട് രേഖപ്പെടുത്തിയിരുന്നു. മാർച്ച് ആദ്യം തന്നെ ഇത്രയധികം ചൂട് രേഖപ്പെടുത്തിയ സ്ഥിതിക്ക് വരും ദിവസങ്ങളിലും നഗരത്തിൽ ചൂട് ഉയരുമെന്നാണ് കണക്കുകൂട്ടൽ.
















Comments