മംഗളുരു: പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച 17കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ സുള്ള്യയിൽ മർകഞ്ച ഗ്രാമത്തിൽ നിന്നുള്ള ശ്രവ്യയാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് സംഭവം. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പല്ല് തേക്കുമ്പോൾ പേസ്റ്റിന് പകരം അബദ്ധത്തിൽ എലിവിഷം എടുത്ത് തേക്കുകയായിരുന്നു. ശ്രവ്യയുടെ മുറിയിൽ ജനാലയ്‌ക്കടുത്തായിട്ടാണ് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്ത് തന്നെയായി എലിവിഷവും വച്ചിരുന്നു.
മുറിയിൽ ഇരുട്ട് ആയതിനാൽ പേസ്റ്റിന് പകരം എലിവിഷം എടുത്ത് പല്ല് തേക്കുകയായിരുന്നു. അബദ്ധം മനസിലാക്കിയ ഉടനെ തന്നെ വായ വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം പെൺകുട്ടി തിരികെ പോയി കിടന്നു. രണ്ട് ദിവസത്തിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൂർ കോളേജിലെ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായിരുന്നു ശ്രവ്യ.
Comments