ലക്‌നൗ: ഉത്തർപ്രദേശിൽ ആറാംവട്ട തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 57 നിയമസഭാമണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരഖ്പൂരിലും ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ട് കോടിയിലധികം ജനങ്ങൾ 57 നിയമസഭാ മണ്ഡലങ്ങളിലുമായി വിധിയെഴുതും. ഗൊരഖ്പൂർ, അംബേദ്കർ നഗർ, ബല്ല്യ, ബൽറാംപൂർ, ബസ്തി, ദിയോരിയ, ഖുശിനഗർ, മഹാരാജ്ഗഞ്ച്, സന്ത് കബീർ നഗർ, സിദ്ധാർത്ഥ്‌നഗർ എന്നീ 10 ജില്ലകളിലാണ് ഇന്നത്തെ മത്സരം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ ജില്ലകളിലെ 57 സീറ്റുകളിൽ 46ലും വിജയം ബിജെപിക്കായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിക്ക് ഇക്കുറിയും ഏറെ പ്രതീക്ഷ നൽകുന്ന സീറ്റുകളാണിത്. 2012ൽ ഇവിടെ എട്ട് സീറ്റുകളിൽ മാത്രമായിരുന്നു ബിജെപിക്ക് വിജയിക്കാനായിരുന്നത്. എസ്പിയ്‌ക്കായിരുന്നു അന്ന് മേൽക്കൈ. 32 സീറ്റുകളിലാണ് എസ്പി വിജയിച്ചത്. എന്നാൽ 2017ൽ രണ്ട് സീറ്റുകൾ മാത്രമാണ് സമാജ്‌വാദി പാർട്ടിയ്‌ക്ക് നേടാനായത്.
യോഗി ആദിത്യനാഥിന് പുറമെ, സ്വാമി പ്രസാദ് മൗര്യ, അജയ് കുമാർ ലല്ലു തുടങ്ങിയവരും ഈ ഘട്ടത്തിൽ ജനവിധി തേടും. ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദ്, എസ് പി സ്ഥാനാർത്ഥിയായി സഭാവതി ശുക്ല, കോൺഗ്രസ് സ്ഥാനാർത്ഥി ചേതന പാണ്ഡെ എന്നിവരാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുന്നത്.
















Comments