മറാവി: ദക്ഷിണ ഫിലിപ്പീൻസിൽ കഴിഞ്ഞ ഏതാനും നാളുകളായി ഭീകരാക്രമണം നടത്തിയിരുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘത്തിലുള്ളവരെ വധിച്ച് സൈന്യം. ഏഴ് ഐഎസ് ഭീകരരെയാണ് ഫിലിപ്പീൻസ് സൈന്യം വധിച്ചത്. 45 തോക്കുകൾ, കുഴി ബോംബുകൾ, മറ്റ് സോഫടക വസ്തുക്കൾ എന്നിവയും ഭീകരരുടെ പക്കൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
ഐഎസ് ഭീകരരുടെ ക്യാമ്പിന് നേരെ ഫിലിപ്പീൻസ് സൈന്യം നടത്തിയ മുന്നേറ്റമാണ് വിജയം കണ്ടത്. ഏകദേശം 60 ഐഎസ് ഭീകരർ അടങ്ങുന്ന ക്യാമ്പിലേക്ക് ഫിലിപ്പീൻ സൈന്യം ഫൈറ്റർ ജെറ്റുകളുമായി കടന്നെത്തുകയായിരുന്നു.
ഫിലിപ്പീൻസിലെ ലാനാവോ ഡെൽ സുർ പ്രവിശ്യയിലായിരുന്നു ക്യാമ്പ് സ്ഥിതിചെയ്തിരുന്നത്. സൈന്യം വധിച്ച ഐഎസ് തീവ്രവാദികളിൽ ഭീകരനേതാവ് അബു സക്കറിയ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അതേസമയം ഭീകരസംഘവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഫിലിപ്പീൻസ് സൈനികൻ കൊല്ലപ്പെട്ടു. അഞ്ച് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്.
ഫിലിപ്പീൻസിൽ ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾക്ക് നേതൃത്വം നൽകിയ കൊടുംകുറ്റവാളിയാണ് അബു സക്കറിയ. തെക്കുകിഴക്കൻ ഏഷ്യയിലെ ഐഎസ് ഗ്രൂപ്പിന്റെ ചുമതല വഹിക്കുന്നത് അബു സക്കറിയ ആണെന്നാണ് വിവരം.
















Comments