കൊച്ചി : സിപിഎം 23 ആം പാർട്ടി കോൺഗ്രസിനായുള്ള കരട് രാഷ്‌ട്രീയ പ്രമേയത്തിൽ അടിമുടി ചൈന സ്തുതി. സിപിഎം പോളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ ചൈനാ സ്തുതി നേരത്തെ വിവാദം ആയിരുന്നു. പാർട്ടിയുടെ പൂർണ്ണ പിന്തുണയോടെയാണ് ചൈനാ സ്തുതി എന്ന് വ്യക്തമാക്കുന്നതാണ്, കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് രാഷ്‌ട്രീയ പ്രമേയം.
ചൈനയുടെ ആഗോള സ്വാധീനം വർധിച്ചു വരുന്നതിൽ അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങൾ ആശങ്കയിലാണെന്നും, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തന്ത്രപ്രധാനമായ സഖ്യങ്ങൾ ഉണ്ടാക്കി ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സിപിഎം ആശങ്കപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സ്വാധീനം കുറഞ്ഞു വരുന്നതിലും പാർട്ടിക്ക് ആശങ്കയുണ്ട്. ട്രംപിന്റെ ഭരണകാലത്ത് ഏർപ്പെടുത്തിയ സാമ്പത്തിക -വ്യാപാര ഉപരോധം മൂലം ചൈനയുടെ വ്യാപാരം ഇടിയുകയാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. കൊറോണ പ്രതിരോധത്തിൽ ചൈനയെ പുകഴ്‌ത്തുന്നതോടൊപ്പം, ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന ആഗോള നില ചൈന ശക്തിപ്പെടുത്തിയെന്ന സന്തോഷവും പാർട്ടി പങ്ക് വെയ്‌ക്കുണ്ട് . ഒരൊറ്റ ചൈനാ നയത്തെ തകിടം മറിക്കാനായി തായ്‌വാനെ അമേരിക്ക സൈനികമായി ആയുധമണിയിക്കുകയാണെന്നും വാദമുണ്ട്.
യുക്രെയിനിലെ റഷ്യൻ അധിനിവേശത്തിന് സമാനമായ അധിനിവേശമാണ് തായ്‌വാനിൽ ചൈന നടത്തുന്നത്. തായ്‌വാന്റെ വ്യോമാതിർത്തികൾ ലംഘിച്ച് നിരവധി തവണ ചൈന പ്രകോപനം സൃഷ്ടിച്ചിരുന്നു .തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം.വേണ്ടി വന്നാൽ ബല പ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട് . ചൈനയുടെ ഇത്തരം ശ്രമങ്ങളെയാണ് ഒരൊറ്റ ചൈനാ നയം ഉയർത്തി സിപിഎം പിന്തുണയ്‌ക്കുന്നത് .
കരട് പ്രമേയത്തിലൂടെ …
> സൈനികവും, തന്ത്രപരവുമായ സഖ്യമെന്ന നിലയിൽ അമേരിക്ക , ജപ്പാൻ , ഓസ്‌ട്രേലിയ ,ഇന്ത്യ അടക്കമുള്ള ക്വാഡിന്റെ രൂപീകരണത്തെ തുടർന്ന് അമേരിക്ക ഇപ്പോൾ ചൈനയുടെ സ്വാധീനം കുറയ്‌ക്കാനും, ഇന്തോ പസഫിക് സമുദ്രത്തിൽ പ്രത്യേകിച്ചും ഇന്ത്യൻ മഹാ സമുദ്രത്തിൽ ചൈനയുടെ സ്വാധീനം കുറയ്‌ക്കാനും ലക്ഷ്യമിട്ട് ഔക്കസ് എന്ന പേരിൽ പുതിയൊരു സുരക്ഷാ കൂട്ടുകെട്ടിനും തുടക്കമിട്ടു. ഈ രാജ്യങ്ങളുടെ സംയുക്ത സൈനിക സാന്നിധ്യത്തോടെ സംയുക്ത സൈനികാഭ്യാസങ്ങളും, വിപുലമായ യുദ്ധ സജ്ജീകരങ്ങളും നടത്തി അമേരിക്കൻ സാമ്രാജ്യം ചൈനയെ ഒറ്റപെടുത്താനാണ് ശ്രമിക്കുന്നത് .
>> ബൈഡൻ ഭരണത്തിന് കീഴിലും അമേരിക്ക ട്രംപ് ഭരണകാലത്ത് ചൈനയ്‌ക്ക് മേൽ അടിച്ചേൽപ്പിച്ച ഉപരോധങ്ങൾ തുടരുകയാണ്. തത്ഫലമായി ചൈനയിൽ നിന്നുള്ള അമേരിക്കൻ ചരക്കുകകളുടെ ഇറക്കുമതിയും ഉഭയകക്ഷി സേവന വ്യാപാരവും, 2018 നും, 2020 നുമിടയ്‌ക്കുള്ള കാലത്ത് ഇടിയുകയാണ് .നിക്ഷേപങ്ങളും, ഇറക്കുമതിയും കെട്ടുപിണഞ്ഞു കിടക്കുന്നതിനാൽ അമേരിക്കയ്‌ക്ക് ചൈനയുമായുള്ള കച്ചവടം ഉപേക്ഷിക്കാനാവില്ല .
>> ചൈനയുടെ ആഗോള സ്വാധീനം വർധിച്ചു വരുന്നതിൽ അമേരിക്ക ആശങ്കയിലാണ്. തങ്ങളുടെ ആഗോള അധീശാധിപത്യത്തിന് ഭീഷണിയായാണ്, അമേരിക്ക ഇതിനെ കാണുന്നത്. ഒരു സാമ്പത്തിക ശക്തി എന്ന നിലയിലുള്ള ചൈനയുടെ ക്രമാനുഗതമായ വളർച്ചയും, മഹാമാരിയെ ചൈന ഫലപ്രദമായി ചെറുത്തതും, ചൈനയുടെ സമ്പദ്ഘടന വീണ്ടും തുറന്നതും, അമേരിക്കയുടെ ആഗോള മേധാവിത്വത്തിനു വെല്ലു വിളിയാണ്.ചൈനയെ തന്ത്രപരമായ ശത്രുവായാണ് അമേരിക്ക കണക്കാക്കിയിട്ടുള്ളത് .
>> ചൈനയുടെ സമ്പദ് ഘടന ദുർബലപ്പെടുത്താൻ അമേരിക്ക സാമ്പത്തികവും, വാണിജ്യപരവുമായ നടപടികൾ സ്വീകരിക്കുകയാണ്.ഹോങ്കോങ് പ്രതിഷേധവുമായി ബന്ധപ്പെട്ട് ജനാധിപത്യത്തിന്റെ വിഷയം ഉന്നയിക്കൽ, സിൻജിയാങ് പ്രവിശ്യയിൽ മനുഷ്യാവകാശത്തിന്റെ വിഷയങ്ങൾ ഉയർത്തൽ, ഒരൊറ്റ ചൈനാ നയത്തെ തകിടം മറിക്കാനായി തായ്‌വാനെ അമേരിക്ക സൈനികമായി ആയുധമണിയിക്കുകയാണ്. ദക്ഷിണ ചൈനാ സമുദ്രത്തിൽ അനിയന്ത്രിതമായി കടന്നു വരാനും, അമേരിക്ക ശ്രമിക്കുകയാണ് .
>> മഹാമാരിയെ ചെറുക്കുന്നതിൽ ചൈനയുടെ നടപടികൾ ഫലപ്രദമായി.ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയെന്ന ആഗോള നില ചൈന ശക്തിപ്പെടുത്തി .2021 ഫെബ്രുവരിയിൽ ചൈന കേവല ആദരിദ്ര്യം നിർമാർജ്ജനം ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ചൈന ആഗോള തലത്തിൽ ഉയർത്തുന്ന വാദങ്ങളും, ന്യായീകരണങ്ങളുമാണ് കരട് പ്രമേയത്തിൽ സിപിഎമ്മും ഉയർത്തുന്നത് . ഇന്ത്യയും -ചൈനയും തമ്മിലുള്ള ബന്ധം വഷളാവുന്ന സാഹചര്യത്തിലും പൂർണ്ണമായും ചൈനീസ് പക്ഷത്ത് നിലയുറപ്പിക്കുന്ന നീക്കമാണ് സി പിഎം നടത്തുന്നതെന്നതിന്റെ സൂചനകൾ ആണ് രാഷ്‌ട്രീയ പ്രമേയം നൽകുന്നത് . ഹൈദരാബാദിൽ ചേർന്ന കേന്ദ്രകമ്മിറ്റി യോഗമാണ് കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ്സിനുള്ള കരട് പ്രമേയം അംഗീകരിച്ചത് .
Comments