കൊച്ചി: ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് പലരോടും മോശമായി പെരുമാറുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുൻ സഹപ്രവർത്തകൻ. സ്റ്റുഡിയോയിൽ വരുന്ന പലരോടും ഇക്കാര്യത്തിൽ താൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സഹപ്രവർത്തകൻ പറയുന്നു. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത പല കാര്യങ്ങളും സ്റ്റുഡിയോയിൽ വെച്ച് നടന്നിട്ടുണ്ട്. സുജീഷിന് തക്ക ശിക്ഷ ലഭിക്കണമെന്നും ഒരു ആർട്ടിനെ സ്‌നേഹിക്കുന്ന ആളെന്ന നിലയിൽ ഒരിക്കലും ക്ഷമിക്കാൻ കഴിയാത്ത ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ സുജീഷിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും സഹപ്രവർത്തകൻ പറയുന്നു. ഒരു കസ്റ്റമർ വന്നാൽ അതിപ്പോൾ കപ്പിൾ ആണെങ്കിൽ കൂടി ടാറ്റു ചെയ്യേണ്ടത് സ്ത്രീക്കാണെങ്കിൽ അവരെ മാത്രം അകത്തേയ്‌ക്ക് കൂട്ടിക്കൊണ്ട് പോവുകയാണ് ചെയ്യുന്നത്. കൂടെ വന്ന ആളുകളെ ക്യാബിന്റെ പുറത്ത് നിർത്തും. കുറച്ച് നേരം മാത്രം എടുത്ത് ചെയ്യേണ്ട ടാറ്റൂ ആണെങ്കിൽ കൂടി രണ്ട് മൂന്ന് മണിക്കൂർ സമയമെടുത്താണ് ചെയ്ത് തീർക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ലൈംഗികാതിക്രമം സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിലെ ഇൻക്‌ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയ്‌ക്ക് നേരെ യുവതി സോഷ്യൽ മീഡിയയിലൂടെ ആണ് രംഗത്തെത്തിയത്. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തി ആർട്ടിസ്റ്റ് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. ആർട്ടിസ്റ്റിന്റെ ഇൻസ്റ്റഗ്രാം ഐഡിയും പേരും അടക്കം പങ്കുവെച്ചാണ് യുവതി ആരോപണവുമായി രംഗത്തെത്തിയത്.
സെലിബ്രറ്റികളടക്കം നിരവധി പ്രമുഖർ കാക്കനാട്ടെ ടാറ്റൂ സ്റ്റുഡിയോയിൽ പോയി ടാറ്റു ചെയ്യുന്നത് കണ്ടാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു. ഇതിനുശേഷം സമാന അനുഭവം ഉണ്ടായെന്ന് പറഞ്ഞ് നിരവധി ആളുകൾ കാക്കനാട്ടെ ടാറ്റൂ ആർട്ടിസ്റ്റിനെതിരെ രംഗത്തെത്തി. ഇതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കൂടുതൽ പേർ രംഗത്തെത്തിയതോടെ സ്റ്റുഡിയോയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.
















Comments