റായ്പൂർ : ഛത്തീസ്ഗഡിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ച് കമ്യൂണിസ്റ്റ് ഭീകരർ. റോഡ് പണിയ്‌ക്കായി എത്തിച്ച ഉപകരണങ്ങൾ തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാൻകെർ ജില്ലയിലെ കൽമുച്ഛെയ്‌ക്കും മറാപി ഗ്രാമത്തിനും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഇരുളിന്റെ മറവിൽ പതുങ്ങിയെത്തിയ ഭീകരർ ഉകരണങ്ങൾക്ക് തീയിടുകയായിരുന്നു. രണ്ട് ട്രക്കുകൾ, രണ്ട് മിക്‌സർ മെഷീനുകൾ, ജെസിബി മെഷീൻ എന്നിവയ്‌ക്കാണ് ഭീകരർ തീയിട്ടത്. ഇവയെല്ലാം പൂർണമായും കത്തി നശിച്ചു. സംഭവ സമയം തൊഴിലാളികൾ സമീപത്ത് വിശ്രമിക്കുന്നുണ്ടായിരുന്നു. തൊഴിലാളികൾക്ക് പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. ഇവരാണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് എത്തി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. ഇതിനിടെ സംഭവ സമയം ഭീകരർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പിന്നിൽ കമ്യൂണിസ്റ്റ് ഭീകരരാണെന്ന് വ്യക്തമായത്. പത്തോളം പേർ ഭീകര സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്നും വ്യക്തമായിരിക്കുന്നത്. നേരത്തെ പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭീകരർ ഭീഷണി മുഴക്കിയിരുന്നു. ഇത് അവഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നതാണ് പ്രകോപനത്തിന് കാരണമായത് എന്നാണ് വിവരം. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ഭാഗമായാണ് സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
Comments