കീവ്: മണിക്കൂറുകൾക്ക് മുൻപ് റഷ്യ വെടിനിർത്തലിനു സമ്മതിച്ചിട്ടും യുക്രെയ്‌നിൽ ഷെല്ലാക്രമണം തുടരുകയാണ്. മരിയുപോളിലെ ഒരു റെസിഡൻഷ്യൽ കെട്ടിടം റഷ്യൻ ഷെല്ലാക്രമണത്തിൽ പൂർണ്ണമായും തകർന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമത്തെ ഷെല്ലാക്രമണം പ്രതികൂലമായി ബാധിക്കുകയാണ്. മരിയു പോൾ തെരുവിലുള്ള തനിക്ക് ഓരോ നാലോ അഞ്ചോ മിനിറ്റിലും ഷെല്ലിംഗ് കേൾക്കാമെന്ന് 44 കാരനായ എഞ്ചിനീയറും നഗരവാസിയുമായ അലക്‌സാണ്ടർ പറഞ്ഞു.ആളുകളെ പുറത്തെത്തിക്കാൻ സ്ഥാപിച്ച ഗ്രീൻ കോറിഡോർ പ്രവർത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ചവർ തിരികെ പോരുന്നു ഇത് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായ ബോംബാക്രമണം കാരണം കൂട്ട ഒഴിപ്പിക്കൽ മാറ്റിവച്ചതായി മരിയുപോൾ അധികൃതർ അറിയിച്ചു. മരിയുപോളിലെ ആളുകളോട് അഭയകേന്ദ്രത്തിലേക്ക് പോകാൻ അധികൃതർ ആവശ്യപ്പെട്ടു. ഒഴിപ്പിക്കലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എത്രയും വേഗം അറിയിക്കാമെന്നും മരിയുപോൾ അധികൃതർ പറഞ്ഞു.
എന്നാൽ ഷെല്ലാക്രമണത്തെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല. അതെ സമയം, മരിയുപോളിൽ നിന്നും വോൾനോവാഖയിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ യുക്രെയ്‌നികൾ ഉപയോഗിച്ചിട്ടില്ലെന്നും യുക്രേനിയൻ അധികാരികൾ ആളുകളെ രക്ഷപ്പെട്ട് പോകുന്നതിൽ നിന്ന് തടഞ്ഞതായും റഷ്യൻ സ്റ്റേറ്റ് മീഡിയ ആരോപിച്ചു.
മിസൈലുകളുടെ ശബ്ദം കേൾക്കാമെന്നും ചുറ്റുമുള്ള കെട്ടിടങ്ങളിൽ നിന്ന് പുക ഉയരുന്നത് കാണാൻ കഴിയുന്നതായി പ്രദേശവാസിയായ മാക്‌സിം പറഞ്ഞു. സുരക്ഷിതതാവളം അന്വേഷിച്ച് എത്തുന്നവരെക്കൊണ്ട് തങ്ങളുടെ അപ്പാർട്ട്‌മെന്റ് നിറഞ്ഞു. തെരുവുകളിൽ മൃതദേഹം ഉളളതായി അവർ പറയുന്നു. എന്താണ് സംഭവിക്കുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. സുരക്ഷിതതാവളങ്ങളിലേക്ക് ഒഴിപ്പിക്കുന്ന അധികാരികൾ തന്നെ തൽക്കാലം വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയാണ്. തെരുവുകളിലും വീടുകളിലും ജനങ്ങൾ പരിഭ്രാന്തരാണ്.
മരിയുപോളിൽ നിന്നുള്ള 27 കാരിയായ ഡിസൈനർ കേറ്റ് റൊമാനോവയുടെ മാതാപിതാക്കൾ നഗരത്തിൽ കുടുങ്ങിയതായി അവർ പറഞ്ഞു. രാവിലെ എട്ട് മണിക്ക് അവരോട് സംസാരിച്ചു, ഒഴിപ്പിക്കലിനെ കുറിച്ച് അവർക്ക് ഒരു വിവരവുമില്ല. നിർത്താതെയുള്ള ഷെല്ലാക്രമണമുണ്ടെന്നും അവർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിക്കുകയാണെന്നും മകളെ അറിയിച്ചു.
റഷ്യൻ ബോംബാക്രമണത്തിൽ വെടിനിർത്തൽ പൂർണ്ണമായും തകർന്നതായി മരിയുപോളിലെ ഡെപ്യൂട്ടി മേയർ സെർഹി ഒർലോവ് സ്ഥിരീകരിച്ചു. റഷ്യക്കാർ ഞങ്ങളെ ബോംബെറിഞ്ഞും പീരങ്കികൾ ഉപയോഗിച്ചും തകർക്കുകയാണ്. മരിയുപോളിൽ വെടിനിർത്തൽ ഇല്ലെന്നും സാധാരണക്കാർ രക്ഷപ്പെടാൻ തയ്യാറാണെങ്കിലും ഷല്ലാക്രമണം കാരണം അതിന് കഴിയുന്നില്ലെന്നും ഓർലോവ് പറഞ്ഞു.
















Comments