കോഴിക്കോട്: കർണാടകയിലെ ഉഡുപ്പിയിൽ, സർക്കാർ വനിത പ്രീ-യൂണിവേഴ്‌സിറ്റി കോളജിൽ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിവാദം രാജ്യത്ത് കോളിളക്കം സൃഷ്ടിക്കാമെന്ന മതമൗലിക ശക്തികളുടെ ആസൂത്രണമായിരുന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞതായി എഴുത്തുകാരനും കോളമിസ്റ്റുമായ പ്രഫ. എൻ.എ ഹമീദ്. കോളജിൽ ഡ്രസ് കോഡിന്റെ ഭാഗമായി ഹിജാബിന് വിലക്കേർത്തിയപ്പോൾ അതിന്റെ ചുവടുപിടിച്ച് ഐലവ് ഹിജാബ് ക്യാംപയ്‌ന് ഇവർ തുടക്കമിട്ടു. എന്നാൽ ഇതിനെ അനുകൂലിച്ചും എതിർത്തും ഒട്ടേറെ പേർ രംഗത്ത് എത്തി.
ആരുസപർവേസ് എന്ന കശ്മീരി വിദ്യർത്ഥിനി പറഞ്ഞത് ഒരു നല്ല മുസ്ലീംപെൺകുട്ടി ആവാൻ ഹിജാബ് ധരിക്കേണ്ടതില്ലെന്നാണ്. മുസ്ലീചരിത്രത്തിൽ സ്ത്രീകൾ ഹിജാബിന് എതിരായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ്ഖാനും രംഗത്ത് എത്തിയിരുന്നു. അതെ സമയം തിരുവനന്തപുരം പാളയം ഇമാം സുഹൈബ് മൗലവി ഹിജാബ് ധരിക്കാനുളള സ്വാതന്ത്ര്യം നിഷേധിക്കുന്നത് കടുത്ത അനീതിയും വിവേചനവുമാണെന്ന് നിലപാട് വ്യക്തമാക്കി. സംസ്ഥാന കേന്ദ്രസർക്കാരുകളും കർണാടക ഹൈക്കോടതിയും ഇടപെട്ട ഹിജാബ് വിവാദം രാജ്യത്തിന് പുറത്തെ മതമൗലിക രാഷ്‌ട്രങ്ങളും ഏറ്റുപിടിച്ചു.
എന്നാൽ കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്തെ മതമൗലിക ശക്തികളുടെ പ്രവർത്തനഫലമായിട്ടാണ് മുസ്ലീം സ്ത്രീകൾക്കിടയിൽ പർദ്ദ വ്യാപകമായതെന്നും ഇതിന് സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതക്കച്ചവടക്കാർക്ക് പങ്കുണ്ടെന്നും ഹമീദ് പറയുന്നു. പർദ്ദപ്രചാരണത്തിലൂടെ ഇവർ വിദേശഫണ്ട് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഖുർആനും,ഹദീസും ഉലമാക്കളുടെ സമവായവും അടിസ്ഥാനമാക്കി ഹിജാബ് സ്വർഗത്തിലെ വസ്ത്രമാണെന്നും അത് ധരിക്കാത്തവർ കാഫിറുകളാണെന്നും പറഞ്ഞ് മൗലവിമാരും മതപണ്ഡിതരും പാവപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിക്കുകയായിരുന്നു. ഇങ്ങനെയാണ് തെക്കെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പർദ്ദ മുസ്ലിം സ്ത്രീകളുടെ വേഷമായതെന്നും ഹമീദ് ചൂണ്ടിക്കാട്ടുന്നു.
ക്ലാസ് മുറികളിൽ പർദ്ദയിട്ടുവന്നവർ പഴയകാലത്ത് തുലോംവിരളമായിരുന്നു. പർദ്ദയിട്ടുവന്നവർ പരിഹാസ്യരാവുകയും അവർ ക്രമേണ ആത്മവിശ്വാസം നഷ്ടപ്പെട്ടവരും മനോദൗർബല്യം ഉള്ളവരും ആയിത്തീർന്നു. ആത്മഹത്യചെയ്ത സംഭവവും ഉണ്ടായെന്നും ഹമീദ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതെ സമയം ഇന്ന് പർദ്ദയും ഹിജാബും പ്രചുരപ്രചാരം നേടി. അത് മതമൗലികവാദികളെയും മൗലവിമാരെയും ഭയന്ന് ഇസ്ലാംദീനിന്റെ രക്തസാക്ഷികളാവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”ദീനി ബോധമുള്ള വധുവിനെ ആവശ്യമുണ്ടെന്ന” വിവാഹപരസ്യം വിദ്യാഭ്യാസ കാലത്ത് പർദ്ദക്കുള്ളിൽ തളച്ചിടാൻ കാരണമായി. അല്ലെങ്കിൽ വിവാഹമാർക്കറ്റിൽ എടുക്കാചരക്കാകുമെന്ന് അവൾ ഭയന്നു.ഹിജാബും പർദ്ദയും അണിയാൻ ഒരു സ്ത്രീയും ആഗ്രഹിക്കുന്നില്ല. അപ്പോൾ ”ഐ ലവ് ഹിജാബ് ക്യാംപയ്‌നു” പിന്നിലെ വികാരം മുത്തലാഖിനോട് സ്വീകരിച്ച നിലപാടിന് തുല്യമാണ്.
മുത്തലാഖ് ദൈവകൽപനയാണെന്നും ഭർത്താക്കൻമാർ തങ്ങളെ എപ്പോൾ വേണമെങ്കിലും തലാഖ് ചൊല്ലി ഒഴിവാക്കിക്കോട്ടെ എന്നു പ്രസംഗിക്കുന്ന ഇസ്ലാമിക വനിതകളുടെ മനോനിലയ്‌ക്ക് തുല്യമാണെന്നും ഹമീദ് പറയുന്നു. ബഹുഭാര്യൻമാരുടെ ഭാര്യമാരായിരിക്കുന്നത് സ്വർഗത്തിലേക്കുള്ള എളുപ്പവഴിയാണന്നും വിശ്വസിക്കുന്നഅത്യാന്താധുനിക മഹിളകളെ പിൻപറ്റുന്നവരാണ് ഐ ലവ് ഹിജാബികൾ എന്നും പ്രഫ.എൻഎ ഹമീദ് കേസരിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
















Comments