ഗാന്ധിനഗർ: കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹച്ചടങ്ങിൽ നിന്നും ഭക്ഷണം കഴിച്ച 1,200 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഗുജറാത്തിലെ കോൺഗ്രസ് നേതാവ് വസീർ ഖാൻ പത്താന്റെ മകൻ ഷാരൂഖ് ഖാന്റെ വിവാഹച്ചടങ്ങിൽ വിളമ്പിയ ആഹാരത്തിൽ നിന്നുമാണ് ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. മെഹ്സാന ജില്ലയിൽ വിസ്നഗർ താലൂക്കിനടുത്തുള്ള സവാല ഗ്രാമത്തിലാണ് സംഭവം.
മാർച്ച് 3നായിരുന്നു ഷാരൂഖിന്റെ വിവാഹം. ഏകദേശം 12,000 മുതൽ 15,000 വരെ ആളുകൾ വിവാഹത്തിൽ പങ്കെടുത്തു. മാർച്ച് നാലിന് സംഘടിപ്പിച്ച വിരുന്നിൽ, ഭക്ഷണം കഴിച്ച ആളുകൾക്ക് ഛർദ്ദിയും വയറിളക്കവും ഉൾപ്പെടെയുള്ള ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായി. തുടർന്ന് 1,200 ഓളം പേരെ ഗാന്ധിനഗറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിസ്നഗർ താലൂക്ക് പോലീസ് അന്വേഷണം ആരംഭിച്ചു.
ആരോഗ്യവകുപ്പ് വിരുന്നിൽ വിളമ്പിയ മധുരപലഹാരങ്ങളുടെയും മറ്റ് ഭക്ഷണങ്ങളുടെയും സാമ്പിളുകൾ ശേഖരിച്ചു. ഇതിന്റെ ഫലം ലഭിച്ചതിന് ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പഴകിയതോ മായം കലർന്നതോ ആയ ഭക്ഷണം നൽകിയിതിനാലാണ് ഭക്ഷ്യവിഷബാധ ഏറ്റത്. വിരുന്നിൽ ഭക്ഷണം വിതരണം ചെയ്ത വിതരണക്കാരനെ പോലീസ് ചോദ്യം ചെയ്യും.
Comments