പാലക്കാട് : തരൂരിൽ ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ മാരകായുധം ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ച യുവമോർച്ച നേതാവ് അതീവ ഗുരുതരാവസ്ഥയിൽ. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. അരുൺ കുമാറിനെ ആക്രമിച്ച അഞ്ചുപേർ നിലവിൽ ഒളിവിലാണ്.
കഴിഞ്ഞ രണ്ടാം തീയതിയാണ് അരുൺ കുമാറിന് നേരെ സിപിഎം ആക്രമണം ഉണ്ടായത്. ശിവരാത്രിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടിക്കിടെ ഏഴംഗസംഘം കമ്പിപ്പാര സോഡാകുപ്പി തുടങ്ങിയവ കൊണ്ട് ആക്രമിക്കുകയായിരുന്നു. അരുണിന്റെ നെഞ്ചിൽ ഉൾപ്പെടെ കമ്പി കുത്തി ഇറക്കി. കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിലും ആക്രമണം തുടർന്നു. ഗുരുതരമായി പരിക്കേറ്റ അരുൺ നിലവിൽ നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ വെൻറിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. യുവമോർച്ചയുടെ പ്രവർത്തനം ഇല്ലാതിരുന്ന മേഖലയിൽ പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു എന്നതാണ് അരുണിന് നേരെയുള്ള ആക്രമണത്തിന് കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു.
കാലങ്ങളായി സിപിഎം ഭരിക്കുന്ന പ്രദേശം ചരിത്രത്തിൽ ആദ്യമായി ബിജെപി പിടിച്ചെടുക്കുകയും, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന് പരാജയപ്പെടുകയും ചെയ്തിരുന്നു ഇതും ആക്രമണത്തിന് കാരണമാണെന്നും പ്രദേശവാസികൾ പറഞ്ഞു.
സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കൃഷ്ണദാസ്,സിപിഎം പ്രവർത്തകൻ മണികണ്ഠൻ എന്നിവരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാൽ 5 പ്രതികൾ ഒളിവിലാണ്. അതേസമയം അരുൺ കുമാറിന്റെ ചികിത്സയ്‌ക്കായി ലക്ഷങ്ങൾ ചെലവ് വരുന്നതിനാൽ ബിജെപി സഹായനിധി രൂപീകരിച്ചു. മെക്കാനിക്കായ അരുണിന്റെ ഏക വരുമാനത്തിൽ ആയിരുന്നു രണ്ട് സഹോദരന്മാരും, അച്ഛനുമമ്മയും ഉൾപ്പെടെയുള്ള കുടുംബം കഴിഞ്ഞിരുന്നത്.
Comments