തിരുവനന്തപുരം : പീഡന കേസിൽ അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ സിനിമാ മേഖലയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം. പീഡന കേസിൽ സംവിധായകൻ അറസ്റ്റിലായ സംഭവം ഞെട്ടിക്കുന്നതാണെന്നും സംഘടന പറഞ്ഞു.
ലിജു കൃഷ്ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നാണ് ഡബ്ല്യൂസിസിയുടെ ഒരു ആവശ്യം. കേസ് തീർപ്പാക്കുന്നതുവരെ ഇത് തുടരണം. അതുവരെ ചലച്ചിത്ര വ്യവസായത്തിൽ പ്രവർത്തിക്കുന്നതിൽ നിന്നും സംവിധായകൻ ലിജു കൃഷ്ണയെ വിലക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കേരള സർക്കാരും, സിനിമാ രംഗവും പോഷ് നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തേക്ക് വരുന്നതെന്ന് ഡബ്ല്യൂസിസി പറഞ്ഞു. മലയാള സംവിധായകൻ ലിജു കൃഷ്ണയെ ബലാത്സംഗക്കേസിൽ ഇന്നലെ അറസ്റ്റു ചെയ്തു. ഡബ്ല്യൂസിസി അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമാ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്ന് കൊണ്ട് കൈകൊള്ളേണ്ട അടിയന്തിര നടപടികളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുവെന്നും സംഘടന ഫേസ്ബുക്കിൽ കുറിച്ചു
അതേസമയം ലിജു കൃഷ്ണയ്‌ക്കെതിരെ പരാതി നൽകിയ യുവതി തനിക്ക് ഉണ്ടായ അനുഭവം വിവരിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിമൻ എഗയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് യുവതി തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.
Comments