ലണ്ടൻ: കഴിഞ്ഞ ഒന്നരയാഴ്ചയിലധികമായി യുക്രെയ്‌നിൽ റഷ്യൻ അധിനിവേശം നടന്നുകൊണ്ടിരിക്കുകയാണ്. ആഗോളതലത്തിൽ വിവിധ പ്രതിസന്ധികൾക്ക് വഴിയൊരുക്കിയ യുദ്ധം ദശലക്ഷക്കണക്കിന് പേരുടെ പലായനത്തിനാണ് കാരണമായത്. ഇതോടെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള പ്രമുഖരും വിവിധ സർക്കാരുകളും യുക്രെയ്ൻ ജനതയ്‌ക്ക് സഹായഹസ്തവുമായി എത്തിയിരുന്നു. ഇപ്പോൾ പ്രശസ്ത എഴുത്തുകാരി ജെ.കെ റൗളിങ്ങാണ് യുക്രെയ്‌ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
യുക്രെയ്‌നിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്ക് ഒരു മില്യൺ പൗണ്ട് നൽകുമെന്നാണ് ഹാരിപോട്ടർ കഥാകൃത്തായ ജെ.കെ റൗളിങ് പ്രഖ്യാപിച്ചത്. ഇന്ത്യൻ തുക പത്ത് കോടിയിലധികം വരുമിത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ബ്രിട്ടീഷ് എഴുത്തുകാരി ഇക്കാര്യം അറിയിച്ചത്. ഇതിനോടകം സഹായം നൽകിയവർക്ക് നന്ദിയുണ്ടെന്നും റൗളിങ് അറിയിച്ചു.
യുഎൻ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 406 സാധാരണക്കാർ യുക്രെയ്‌നിൽ നടക്കുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടതായും 801 പേർക്ക് പരിക്കേറ്റതായും പറയുന്നു. 1.37 ദശലക്ഷത്തിലധികം ജനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നതിന് നിർബന്ധിതരായി. ഹംഗറി, റുമേനിയ, പോളണ്ട്, സ്ലോവാക്യ, ജർമ്മനി എന്നീ രാജ്യങ്ങളാണ് അഭയാർത്ഥി പ്രവാഹം നേരിടുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രെയ്‌ന്റെ പ്രതിസന്ധി ഘട്ടത്തിൽ മാനുഷിക സഹായം നൽകാൻ മുന്നോട്ട് വന്നിരുന്നു.
















Comments