ന്യൂഡൽഹി: യുക്രെയ്ൻ-റഷ്യ യുദ്ധത്തിനിടെ ഇന്ത്യയ്‌ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച് ചൈനീസ് മാദ്ധ്യമം. ഇന്ത്യ കുത്തബ് മിനാറിൽ റഷ്യൻ പതാക പ്രദർശിപ്പിച്ചുവെന്ന തരത്തിലെ വാർത്തയാണ് ചൈനീസ് മാദ്ധ്യമമായ ഗ്ലോബൽ ടൈംസ് നൽകിയത്. ഇതിന്റേതെന്ന പേരിൽ ചിത്രങ്ങളും ഗ്ലോബൽ ടൈംസ് നൽകിയിരുന്നു. മാർച്ച് അഞ്ചിന് ജൻ ഔഷധി ദിവസിന്റെ നാലാം വർഷികത്തോട് അനുബന്ധിച്ച് കുത്തബ് മിനാർ പ്രകാശിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ചൈനീസ് മാദ്ധ്യമം റഷ്യൻ പതാക എന്ന പേരിൽ പുറത്തുവിട്ടത്.
ഗ്ലോബൽ ടൈംസ് പങ്കിട്ട ചിത്രങ്ങളിൽ ‘പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന’ എന്ന് വ്യക്തമായി എഴുതിയിരുന്നു. ഇതുപോലും മനസിലാക്കാതെയാണ് ഗ്ലോബൽ ടൈംസ് വ്യാജവാർത്ത പുറത്തുവിട്ടത്. ഗ്ലോബൽ ടൈംസിന്റെ ട്വീറ്റിനെതിരെ പിഐബിയും എത്തിയിരുന്നു. ‘റഷ്യൻ പതാകയുടെ നിറങ്ങളാൽ കുത്തബ് മിനാർ തിളങ്ങിയെന്ന് ഗ്ലോബൽ ടൈംസ് ഒരു ട്വീറ്റിൽ അവകാശപ്പെട്ടു. ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.’ ജൻ ഔഷധി ദിവസിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് കുത്തബ് മിനാർ പ്രകാശിപ്പിച്ചതെന്ന് പ്രസ് ഇൻഫോർമേഷൻ ബ്യൂറോ ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ഫാർമ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ആരംഭിച്ച ഒരു കേന്ദ്ര സർക്കാർ സംരംഭമാണ് ‘പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന (പിഎംബിജെപി). ജൻ ഔഷധി കേന്ദ്രങ്ങൾ വഴി മിതമായ നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ബ്രാൻഡഡ് മരുന്നുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയ്‌ക്ക് ജനറിക് മരുന്നുകൾ ഈ ഔട്ട്‌ലെറ്റുകൾ വഴി നൽകുന്നു.
Comments