ഉറക്കത്തിനിടയിൽ പത്ത് സെക്കൻഡ് ശ്വാസം കിട്ടാതായാൽ എന്ത് സംഭവിക്കും.. പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല.. നാം പരിഭ്രാന്തി സൃഷ്ടിക്കാൻ തുടങ്ങുമ്പോഴേക്കും ശ്വാസം വീണ്ടുമെടുക്കാമല്ലോ.. എന്നാൽ ഒരു മണിക്കൂറിനിടെ 10-30 തവണ ഇങ്ങനെ സംഭവിച്ചാലോ.. ഉറക്കം പോയികിട്ടുമെന്നത് ഒരു കാര്യം, മറ്റൊന്ന് ചികിത്സ തേടിയില്ലെങ്കിൽ തട്ടിപോകാനും സാധ്യതയുണ്ടെന്നുള്ളതാണ്.. നിരവധി പേർക്കിടയിൽ കാണപ്പെടുന്ന സ്ലീപ്പ് അപ്നിയ എന്ന രോഗത്തെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്..
അടുത്തിടെ അന്തരിച്ച പ്രശസ്ത ഡിസ്കോ ഗയകൻ ബപ്പി ലഹ്രിയും സ്ലീപ്പ് അപ്നിയ രോഗ ബാധിതനായിരുന്നു. ഉറക്കത്തിനിടയിൽ ശ്വാസോച്ഛ്വാസത്തിന് തകരാർ സംഭവിക്കുന്ന ഒരു രോഗമാണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ്പ് അപ്നിയ. ശ്വസന വൈകല്യമായി ഇതിനെ വ്യാഖ്യാനിക്കാം. ശ്വാസമെടുക്കുന്നത് പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥയാണിത്. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ശ്വാസം വീണ്ടുമെടുക്കാൻ സാധിക്കുമെങ്കിലും ഇത് ആവർത്തിച്ച് സംഭവിക്കുന്നത് ശരീരത്തിന്റെ മറ്റ് പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും. രോഗബാധിതരാകുന്ന വ്യക്തിക്ക് ഉറക്കത്തിനിടയിൽ തൊണ്ടയിലെ പേശികൾ ശരിയായി പ്രവർത്തിക്കാതെ വരുന്നു. ഇതോടെ ശ്വാസമെടുക്കാൻ കഴിയാതെയാകും. ഇങ്ങനെയാണ് കുറച്ച് സെക്കൻഡുകൾ നേരത്തേക്ക് രോഗിയുടെ ശ്വാസം നിലച്ചുപോകുന്നത്.
സ്ലീപ് അപ്നിയ ബാധിക്കുന്നയാൾക്ക് പൊതുവെ കാണുന്ന രോഗലക്ഷണമാണ് ഉച്ചത്തിലുള്ള കൂർക്കം വലി. ഇത്തരക്കാർക്ക് ഉറക്കത്തിനിടയിൽ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് കൊണ്ട് ഇവർ നേരിടുന്ന പ്രധാന പ്രശ്നം ഉറക്കമില്ലായ്മയാണ്. അതുകൊണ്ട് തന്നെ പകൽ സമയം മുഴുവൻ ഉറക്കമത്തായിരിക്കും ഇവർക്ക് അനുഭവപ്പെടുക. സ്ലീപ് അപ്നിയ ബാധിക്കുന്നയാൾക്ക് ഉറക്കത്തിനിടയിൽ ഏതാണ്ട് 10 സെക്കൻഡ് നേരത്തേക്കാണ് തുടർച്ചയായി ശ്വാസതടസം അനുഭവപ്പെടുക. ഇത് രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂട്ടുന്നതിനും കാരണമാകും. ഇക്കാര്യം തലച്ചോർ അറിയുന്നതോടെ രോഗി ഉറക്കത്തിൽ നിന്നുണരും. ഉറക്കത്തിൽ ഈ ഒരു പാറ്റേൺ സംഭവിച്ചുകൊണ്ടേയിരിക്കും. മണിക്കൂറിൽ ഏതാണ്ട് മുപ്പത് തവണ ഇത്തരത്തിൽ ആവർത്തിച്ചേക്കാം. ഇതോടെ രാത്രിയുറക്കം നഷ്ടപ്പെടും..
സ്ലീപ് അപ്നിയയുടെ മറ്റ് ചില ലക്ഷണങ്ങൾ പറയാം..
ഉയർന്ന രക്തസമ്മർദ്ദം
അമിതമായ പകൽ ഉറക്കം
ഉച്ചത്തിൽ കൂർക്കം വലിക്കുക
തൊണ്ടവേദന അനുഭവപ്പെട്ട് ഉറക്കം നഷ്ടമാകുക.
വായയിൽ ഈർപ്പം ഇല്ലാത്തതായി അനുഭവപ്പെടുക.
അതിരാവിലെ തലവേദന തോന്നുക വിഷാദം ഉണ്ടാകുക
ഹൃദയസംബന്ധമായ രോഗങ്ങൾ, നയന രോഗങ്ങൾ, അമിതമായ ക്ഷീണം എന്നിവയും രോഗികൾക്ക് ഉണ്ടായേക്കാം. സ്ലീപ്പ് അപ്നിയ എന്ന രോഗത്തിന് ചികിത്സ ലഭ്യമാണ്. രോഗം സ്ഥിരീകരിച്ചാൽ ഉടനടി ഡോക്ടറുടെ ഉപദേശം തേടുകയാണ് ചെയ്യേണ്ടത്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള മാർഗങ്ങളും ഉപകരണങ്ങളുടെ സഹായത്തോടെ ശ്വാസമെടുക്കുന്നതിനുള്ള സംവിധാനങ്ങളും രോഗത്തിന് ഫലപ്രദമായ ചികിത്സാ രീതികളാണ്..















Comments