കാബൂൾ: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആശംസകൾ നേർന്ന് താലിബാൻ ഭീകരർ. അഫ്ഗാൻ സ്ത്രീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാൻ പറഞ്ഞു. ‘അന്താരാഷ്‌ട്ര വനിതാദിനം എല്ലാ സ്ത്രീകൾക്കും ശുഭകരമായിരിക്കട്ടെ’ എന്ന് അഫ്ഗാനിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൾ ഖഹർ ബൽഖി ട്വീറ്റ് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ നീണ്ടുനിൽക്കുന്ന യുദ്ധം സ്ത്രീകൾക്ക് അങ്ങേയറ്റം ദോഷകരമാണ്. അഫ്ഗാൻ സ്ത്രീകളുടെ ദുരവസ്ഥയെ അഭിസംബോധന ചെയ്യുന്നതിനും പരിഹരിക്കുന്നതിനും താലിബാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ഇസ്ലാമിന്റെയും നമ്മുടെ അംഗീകൃത പാരമ്പര്യങ്ങളുടെയും വെളിച്ചത്തിൽ മാന്യവും പ്രയോജനപ്രദവുമായ ജീവിതത്തിനുള്ള സൗകര്യങ്ങൾ സ്ത്രീകൾക്ക് ഒരുക്കുമെന്നും താലിബാൻ പറഞ്ഞു.
May the #8thMarch #InternationalWomensDay be auspicious for all women. pic.twitter.com/nXNGAXCPEm
— Abdul Qahar Balkhi (@QaharBalkhi) March 8, 2022
അഫ്ഗാനിൽ സ്ത്രീകൾ ശരിയത്ത് നിയമങ്ങൾ പാലിക്കണമെന്ന ആഹ്വാനം അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർ നടത്തിയിരുന്നു. ശരീഅത്ത് നിയമത്തെക്കുറിച്ച് താലിബാന് സ്വന്തം വ്യാഖ്യാനവുമുണ്ട്. മുൻപ് താലിബാൻ നടപ്പിലാക്കിയ ശരീഅത്ത് നിയമങ്ങൾ സ്ത്രീകൾക്ക് സ്വാതന്ത്യം പൂർണ്ണമായും നിഷേധിക്കുന്ന രീതിയിലുള്ളവയായിരുന്നു. ബൂർഖയും ഹിജാബും ധരിക്കാതെ പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പാണ് താലിബാൻ ഭീകരർ അഫ്ഗാൻ സ്ത്രീകൾക്ക് നൽകിയത്. സ്ത്രീ വിരുദ്ധതയിലൂന്നിയ താലിബാന്റെ ചരിത്രം പരിശോധിക്കുമ്പോൾ ഇപ്പോഴുള്ള ഈ ആശംസ എന്ത് പ്രഹസനമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രതികരണം.
1996-2001 ഭരണ കാലത്ത് സ്ത്രീകൾക്ക് പുറത്തിറങ്ങാനുള്ള സ്വാതന്ത്ര്യം പോലും താലിബാൻ നൽകിയിരുന്നില്ല. അതുപോലെ തന്നെ ജോലി ചെയ്യാനും അവർക്ക് അനുമതിയുണ്ടായിരുന്നില്ല. സ്ത്രീകൾ കമ്പിളി പുതയ്‌ക്കുന്ന പോലെ ശരീരം മറയ്‌ക്കണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ ഇപ്പോഴും അഫ്ഗാനിൽ നിലവിലുണ്ട്. സ്ത്രീകൾക്ക് മാർക്കറ്റിൽ പോകാൻ പോലും പുരുഷന്മാർ ഒപ്പം ഉണ്ടാകണമെന്ന താലിബാന്റെ നിയമവും ശരീഅത്തിന്റെ ഭാഗമാണ്. മുൻപ് സുഹൃത്തുക്കളുമായി ഒത്തുചേരാതിരിക്കാനായി താലിബാൻ സ്ത്രീകളെ വീട്ടുതടങ്കലിലാക്കിയിരുന്നു.
12 വയസ്സിന് മുകളിലുള്ള ആൺകുട്ടികളുമായോ കുടുംബത്തിൽ അല്ലാത്ത പുരുഷന്മാരുമായോ സ്ത്രീകൾക്ക് ഇടപെടാൻ അനുവാദമില്ല. സ്ത്രീകൾക്ക് താലിബാൻ ഭരിക്കുന്ന രാജ്യത്ത് വിദ്യാഭ്യാസം ലഭിക്കുമെങ്കിലും ആൺകുട്ടികളോ പുരുഷന്മാരോ പഠിക്കുന്ന ഒരു സാധാരണ സ്‌കൂളിലോ കോളേജിലോ മദ്രസകളിലോ പോകാൻ സ്ത്രീകൾക്ക് അവകാശമില്ല . മുൻ ഭരണകാലത്ത് താലിബാൻ സ്ത്രീകൾ നഖം പോളിഷ് ഉൾപ്പെടെയുള്ള മേക്കപ്പ് ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ഒരു സ്ത്രീ ശരീഅത്ത് നിയമം ലംഘിച്ചാൽ പൊതു മധ്യത്തിൽ ചാട്ടവാറടി, കല്ലെറിയൽ എന്നിവയാണ് ശിക്ഷ. ഇത്തരം ദുരാചാരങ്ങൾ നിലനിൽക്കുമ്പോഴാണ് സ്ത്രീകൾക്ക് ആശംസകൾ നേർന്ന് താലിബാൻ എത്തിയിരിക്കുന്നത്.
Comments