റാഞ്ചി: അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ ഝാർഖണ്ഡ് നിയമസഭയിലേക്ക് കോൺഗ്രസിന്റെ യുവ വനിതാ എംഎൽഎ അംബ പ്രസാദ് എത്തിയത് കുതിരപ്പുറത്താണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചുളള സന്ദേശം നൽകാൻ വേണ്ടി ആയിരുന്നു തന്റെ യാത്രയെന്നും അംബ പറഞ്ഞു. കഴിഞ്ഞ വർഷവും വനിതാ ദിനത്തിൽ നിയമസഭയിലേക്ക് അംബ കുതിരപ്പുറത്ത് എത്തിയത് വാർത്തയായിരുന്നു.
കുതിരപ്പുറത്തുളള സവാരി എപ്പോഴും ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയുടെ വീര്യവും കരുത്തും അടയാളപ്പെടുത്തുന്നതാണെന്ന് അവർ പറഞ്ഞു. കുതിര ധൈര്യത്തിന്റെയും കരുത്തിന്റെയും അടയാളമാണ്. വനിതാ ദിനത്തിൽ ഈ സവാരിയിലൂടെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുളള സന്ദേശമാണ് താൻ നൽകാൻ ലക്ഷ്യമിട്ടത്, അവർ പറഞ്ഞു.
കുതിരസവാരി എന്നും തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. പെൺകുട്ടികൾക്ക് മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം നൽകാൻ തയ്യാറായാൽ അവർ എല്ലായിടത്തും ശോഭിക്കുമെന്ന് അംബ പ്രസാദ് അഭിപ്രായപ്പെട്ടു. ആൺമക്കൾക്ക് കൊടുക്കുന്ന അതേ പരിഗണന എല്ലാവരും പെൺമക്കൾക്കും നൽകാൻ തയ്യാറാകണം.
സാമൂഹിക, സാമ്പത്തിക രാഷ്‌ട്രീയ മേഖലകളിൽ 50 ശതമാനം വനിതാ പങ്കാളിത്തം വന്നാൽ 100 ശതമാനം ശേഷിയും കൈവരിക്കാനാകുമെന്നും അവർ പിന്നീട് ട്വിറ്ററിൽ കുറിച്ചു.
Comments