ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിൽ പ്രതിയായ പേരറിവാളന് ജാമ്യം. .സൂപ്രീം കോടതിയാണ് പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചത്. 32 വർഷത്തെ തടവും നല്ല നടപ്പും പരിഗണിച്ചാണ് പേരറിവാളന് ജാമ്യം നൽകിയത്.
കേന്ദ്രസർക്കാറിന്റെ എതിർപ്പ് മറികടന്നാണ് പ്രതിയ്‌ക്ക് ജാമ്യം അനുവദിച്ചത്. പേരറിവാളിന്റെ അപേക്ഷയിൽ തീരുമാനം എടുക്കാനുള്ള അധികാരം രാഷ്‌ട്രപതിയ്‌ക്കാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം ഹർജിയെ എതിർത്തിരുന്നത്. കഴിഞ്ഞ ജനുവരിയിൽ പേരറിവാളന് ചികിത്സാർത്ഥം പരോൾ നീട്ടി തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
രാജീവ് ഗാന്ധി വധക്കേസിൽ 1991 ജൂണിൽ അറസ്റ്റിലായപ്പോൾ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനും എൽടിടിഇ പ്രവർത്തകനുമായ ശിവരശനു പേരറിവാളൻ രണ്ട് ബാറ്ററി സെൽ വാങ്ങിനൽകിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബിൽ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.
വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 23 വർഷത്തിനുശേഷം 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, ശിവകീർത്തി സിങ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകൻ, സന്തൻ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.
















Comments