തിരുവനന്തപുരം: ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയ അദ്ധ്യാപകരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.അദ്ധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ശരിയല്ലെന്ന് മന്ത്രി പറഞ്ഞു.കേരള അദ്ധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അദ്ധ്യാപകരുടെ യാത്രയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പി.എസ്.സി അഡൈ്വസ് മെമ്മോ നൽകിയിട്ടു പലയിടത്തും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടമാർ നിയമനം നൽകുന്നില്ലെന്ന് ചില കോണുകളിൽ നിന്ന് പരാതി ഉയർന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപകരുടെ നിയമന അംഗീകാര ഫയലുകളും തീർപ്പാക്കാൻ താമസിക്കുന്നു എന്ന പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരത്തിൽ പരാതി ഉയരാത്ത സാഹചര്യം ഉദ്യോഗസ്ഥർ ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഒരു തരത്തിലും ഫയലുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹയർസെക്കൻഡറി വിഭാഗത്തിലെ റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള പരാതികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അദാലത്തിലൂടെ ഫയലുകൾ തീർപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
Comments