കണ്ണൂര്‍: കളിമണ്ണൊ ലോഹക്കൂട്ടോ എന്തുമാവട്ടെ കുഞ്ഞിമംഗലം സ്വദേശി ചിത്രന്റെ കൈകളില്‍ എത്തിയാല്‍ അവ ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളാവും. യുഎഇയില്‍ ആദ്യത്തെ മഹാത്മാഗാന്ധി ശില്‍പം നിര്‍മ്മിച്ച് ജനശ്രദ്ധ നേടിയ ചിത്രന്‍, എകെജി, ഇഎംഎസ്, ആലക്കോട് രാജ, കെ കേളപ്പന്‍, സഞ്ജയന്‍, മറഡോണ, ധനരാജ്, ഇമ്പിച്ച ബാവ, ബസവേശ്വരന്‍, ഗാന്ധിയും നെഹ്‌റുവും, ഗുരുവായുരപ്പന്‍ വിളക്ക് പരിസ്ഥിതി സംരക്ഷണ ശില്പങ്ങള്‍, നടന്‍ മോഹന്‍ ലാലിനെ ആദരിക്കുന്നതിനായി നിര്‍മ്മിച്ച മോഹനം 2016, നങ്ങേലി,
നിരവധി ശില്പങ്ങളാണ് അദ്ദേഹം ഒരുക്കിയത്.
ഏറ്റവും ഒടുവില്‍ നിര്‍മിച്ച പശുവും കിടാവും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. മാടായിയില്‍ താമസിക്കുന്ന ലക്ഷ്മണന്റെ വീടിന് മുന്നില്‍ വയ്‌ക്കുന്നതിന് വേണ്ടിയാണ് യഥാര്‍ത്ഥ അളവില്‍ പശുവിന്റേയും കിടാവിന്റേയും രൂപം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാലുമാസത്തോളം സമയമെടുത്തു നിര്‍മ്മിച്ച ശില്‍പം കണ്ടാല്‍ യഥാര്‍ത്ഥ പശു എന്നേ തോന്നു. 11 അടി നീളവും 4 അടി ഉയരവും ആണ് ശില്പത്തിന് മൊത്തത്തിലുള്ള അളവ്. കളിമണ്ണില്‍ നിര്‍മ്മിച്ച ശില്പം പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ മോള്‍ഡ് ചെയ്തതിനുശേഷം ഫൈബര്‍ ഗ്ലാസിലാണ് പൂര്‍ത്തീകരിച്ചത്. പുള്ളികളോട് കൂടിയ വെളുത്ത പശുവിന്റെ അകിടില്‍ ഓമനത്വം തുളുമ്പുന്ന പശുകുട്ടി പാല്‍ കുടിക്കുന്നതും ബ്രൗണ്‍ നിറത്തിലുള്ള പശുകിടാവ് നോക്കി നില്‍ക്കുന്നതും കാണാന്‍ കഴിയും.
കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങള്‍ ചെയ്ത ശ്രദ്ധേയനാണ് ചിത്രന്‍ കുഞ്ഞിമംഗലം. വെങ്കലം,ചെമ്പ്, ഫൈബര്‍, കോണ്‍ക്രീറ്റ് എന്നിവയാണ് ചിത്രന്റെ മാധ്യമം. ഡല്‍ഹിയില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എകെജിയുടെ പൂര്‍ണകായ വെങ്കല പ്രതിമ നിര്‍മ്മിച്ച പ്രശസ്ത ശില്പി കുഞ്ഞിമംഗലം നാരായണന്റെയും, നളിനിയുടെയും മകനായ ചിത്രന് കല പരമ്പരാഗതമായി കിട്ടിയതാണ്. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്ന് ശില്പകലയില്‍ ബിരുദവും, മൈസൂര്‍ അല്ലാമ പ്രഭു ലളിതകലാ അക്കാദമിയില്‍ നിന്ന് ശില്പകലയില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടി. ശില്പ കലാ രംഗത്ത് അച്ഛന്‍ തന്നെയായിരുന്നു ഗുരു. അഭിപ്രായത്തില്‍ അച്ഛന്റെ ശില്പനിര്‍മ്മാണം കണ്ടാണ് ചിത്രങ്ങള്‍ വളര്‍ന്നത്. ഫൈന്‍ആര്‍ട്‌സ് കോളേജില്‍ എത്തുമ്പോള്‍ ഈ അനുഭവം ചിത്രന് കൂടുതല്‍ കരുത്തുമായി. കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് ചിത്രന്
Comments