കൊച്ചി: വലിയ ഞെട്ടലോടെയാണ് ഇന്ന് ക്രിക്കറ്റ് പ്രേമികൾ എസ് ശ്രീശാന്തിന്റെ വിരമിക്കൽ വാർത്ത കേട്ടത്. വിരമിക്കൽ വാർത്ത പുറത്ത് വന്നതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീശാന്ത്.താൻ അഹങ്കാരിയല്ലെന്നും, അഹങ്കാരിയെന്ന് വിളിക്കുന്നവരോട് സ്‌നേഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
വാതുവെപ്പ് വിവാദത്തിന്റെ സമയത്ത് ഡൽഹി പോലീസ് മുഖം മൂടി അണിയിച്ച് കൊണ്ടുപോയത് തന്നെയല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.ക്രിക്കറ്റിനെ ഒറ്റ് കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.പുസ്തകമെഴുതാൻ ആഗ്രഹമുണ്ടെന്നും കൂടുതൽ കാര്യങ്ങൾ അപ്പോൾ വെളിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.വിരമിക്കൽ പെട്ടെന്നെടുത്ത തീരുമാനമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.പ്രായം തീരുമാനമെടുക്കുന്നതിൽ നിർണായകമാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ട് തന്നെ നീങ്ങാനാണ് താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ മലയാളി മുഖമായിരുന്ന കേരളത്തിന്റെ സ്വന്തം ശ്രീ ക്രിക്കറ്റിനോട് വിട പറയുന്നത് വേദനയോടെയാണ് ക്രിക്കറ്റ് ആരാധകർ കേട്ടത്.മറ്റ് സീനിയർ താരങ്ങളുടെ മാതൃക പിന്തുടർന്ന് പുതുതലമുറയ്‌ക്കായി വഴി മാറുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.കരിയറിലുടനീളം പിന്തുണ നൽകിയ ഓരോത്തർക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.
ഇന്ത്യയുടെ രണ്ട് ലോകകപ്പ് ക്രിക്കറ്റ് നേട്ടങ്ങളിൽ പങ്കാളിയായ ഏക മലയാളിതാരമാണ് വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ ശ്രീശാന്ത്.27 ടെസ്റ്റിൽ 87 വിക്കറ്റും ഏകദിനത്തിൽ 75 വിക്കറ്റും നേടിയ മലയാളികളുടെ സ്വന്തം ശ്രീ ഏകദിന ലോകകപ്പും ടി-20 ലോകകപ്പും വിജയിച്ച ടീമുകളിൽ അംഗമായ ലോകത്തെ ഒരേയൊരു ഫാസ്റ്റ്/മീഡിയം പേസ് ബൗളറാണ്.
ബാല്യത്തിൽതന്നെ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ശ്രീശാന്ത് ആദ്യം ലെഗ് സ്പിന്നറായിരുന്നു. സഹോദരന്റെ നിർദ്ദേശം സ്വീകരിച്ചാണ് ഫാസ്റ്റ് ബൗളിംഗിലേക്ക് തിരിഞ്ഞത്.ചെന്നൈയിലെ എം.ആർ.എഫ് പേസ് ഫൗണ്ടേഷനിലാണ് അദ്ദേഹം പരിശീലനം നേടിയത്.2002-2003 സീസണിൽ ഗോവക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു. ഏഴു മത്സരങ്ങളിൽനിന്നായി 22 വിക്കറ്റുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റിയതോടെ അതേ സീസണിൽ ദുലീപ് ട്രോഫിക്കുള്ള ദക്ഷിണ മേഖലാ ടീമിൽ ഇടം ലഭിച്ചു.
ന്യൂസിലൻഡ് ടീമിനെതിരായ സൗഹൃദ മത്സരത്തിനുള്ള ഇന്ത്യ-എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശ്രീശാന്ത് തുടക്കത്തിൽതന്നെ ഒരു വിക്കറ്റ് നേടിയെങ്കിലും കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് കളിയിൽനിന്ന് പിൻമാറേണ്ടിവന്നു. തുടർന്ന് രഞ്ജി ട്രോഫി മത്സരങ്ങളും നഷ്ടമായി. 2004 നവംബറിൽ ഹിമാചൽ പ്രദേശിന് എതിരായ മത്സരത്തിൽ രഞ്ജി ട്രോഫിയിൽ ഹാട്രിക് നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി സ്വന്തമാക്കി.2005 ഒക്ടോബറിൽ ചലഞ്ചർ ട്രോഫിക്കുള്ള ഇന്ത്യ -ബി ടിമിൽ ഇടം നേടി. ചലഞ്ചർ ട്രോഫിയിൽ ഏഴു വിക്കറ്റുകൾ വീഴ്‌ത്തി തിളങ്ങിയതോടെ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തെളിഞ്ഞു.ഒക്ടോബറിൽ നാഗ്പൂരിൽ ശ്രീലങ്കക്കെതിരായ ഏകദിന മത്സരത്തിലാണ് ശ്രീശാന്ത് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്.
തുടക്കത്തിൽ ഏറെ റൺസ് വഴങ്ങിയെങ്കിലും ആദ്യ മത്സരത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.തുടർന്നുള്ള രണ്ടു മത്സരങ്ങളിൽ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും നാലും അഞ്ചും ഏകദിനങ്ങളിൽ അവസരം ലഭിച്ചു. 2006 ഏപ്രിലിൽ ഇന്ത്യയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിൽ പത്തു വിക്കറ്റുകൾ നേടി. ഇൻഡോറിൽ നടന്ന െൈഫനലിൽ 55 റൺസിന് ആറു വിക്കറ്റുകളും അദ്ദേഹം നേടി. ഈ മത്സരത്തിൽ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.ഇതിന് പിന്നാലെ അദ്ദേഹത്തിനെ ബിസിസിഐയുടെ സി ഗ്രേസ് കരാർ തേടിയെത്തുകയായിരുന്നു.
Comments