ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കവേ കോൺഗ്രസ് 48 സീറ്റുകളെങ്കിലും നേടുമെന്ന പ്രതീക്ഷയിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. സംസ്ഥാനത്ത് കോൺഗ്രസിന്റെ വിജയത്തിൽ ആത്മവിശ്വാസമുണ്ടെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേർത്തു.
അടുത്ത രണ്ടോ മൂന്നോ മണിക്കൂറിനുളളിൽ എല്ലാം വ്യക്തമാകും. ഉത്തരാഖണ്ഡിലെ ജനങ്ങളിൽ തനിക്ക് വിശ്വാസമുണ്ട്. ഹരീഷ് റാവത്ത് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹരീഷ് റാവത്ത് പാർട്ടിയുടെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
70 സീറ്റുകളാണ് ഉത്തരാഖണ്ഡിൽ ഉളളത്. വോട്ടെണ്ണൽ പുരോഗമിക്കവേ ആദ്യഫലസൂചനകളിൽ ബിജെപിക്കാണ് ലീഡ്.
എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ബിജെപിക്കായിരുന്നു മുൻതൂക്കം. ഏതാനും എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് 35 സീറ്റുകൾ വരെയെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. ഫെബ്രുവരി 14 നാണ് ഉത്തരാഖണ്ഡിൽ വിധിയെഴുത്ത് നടന്നത്.
Comments