തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേൽ രാജ്യത്തെ ജനങ്ങളുടെ വിശ്വാസം ഓരോ ദിവസവും കൂടി വരുന്നുവെന്നതിന്റെ തെളിവാണ് ഈ വിജയങ്ങൾ കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാലിടത്തും സർക്കാരുണ്ടാക്കാൻ കഴിയുന്ന തരത്തിൽ അത്യുജ്ജ്വല വിജയമാണ് ബിജെപി നേടിയത്.
കോൺഗ്രസിന്റെ സമ്പൂർണമായ തകർച്ചയാണ് കണ്ടത്. രാജ്യത്ത് നിന്നും കോൺഗ്രസ് പൂർണമായി നിഷ്‌കാസനം ചെയ്യപ്പെടുകയാണ്. ഈ പതനത്തിന്റെ പ്രതികരണം കേരളത്തിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. കേരളത്തിലും കോൺഗ്രസിന്റെ തകർച്ചയ്‌ക്ക് ആക്കം കൂട്ടാൻ ഈ ഫലങ്ങൾ സഹായിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ ദയനീയ തകർച്ച ഏറ്റവും കൂടുതൽ സ്വാധീനിക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളം ആയിരിക്കുമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾക്കും പാവങ്ങൾക്ക് വേണ്ടിയുളള നിരവധി ജനകീയ പദ്ധതികൾക്കുമുളള അംഗീകാരമാണ് ഈ വിജയം. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തിലുളള കോൺഗ്രസ് ഈ രാജ്യത്ത് ഇനി രക്ഷപെടാൻ പോകുന്നില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ഫലങ്ങളെന്നും സുരേന്ദ്രൻ പറഞ്ഞു.
Comments