കൊച്ചി: യുപിയിൽ കോൺഗ്രസ് ഓട്ടോറിക്ഷയിൽ ഒതുങ്ങുന്ന പാർട്ടിയായി മാറിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ. പതിറ്റാണ്ടുകൾ ഭരണത്തിലിരുന്ന പാർട്ടിയാണ് കോൺഗ്രസ്. സോണിയയുടെയും പ്രിയങ്കയുടെയും രാഹുലിന്റെയും കേന്ദ്രമായിരുന്ന യുപിയിൽ സമാനതകൾ ഇല്ലാത്ത വിജയമാണ് ബിജെപിക്ക് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇങ്ങനെ പോയാൽ രാഹുലിന് പിന്നാലെ പ്രിയങ്കയ്ക്കും സോണിയയ്ക്കും കേരളത്തിൽ വന്ന് മത്സരിക്കേണ്ടിവരുമെന്ന് എ.എൻ രാധാകൃഷ്ണൻ പറഞ്ഞു. 36 വർഷത്തിന് ശേഷം തുടർഭരണമെന്നത് ചരിത്ര സംഭവമാണ്. മണിപ്പൂരിലെയും സ്ഥിതി അതാണ്. ആഹ്ലാദകരമായ വിജയമാണ് ഗോവയിലും ഉണ്ടായത്. കോൺഗ്രസും കമ്യൂണിസ്റ്റുപാർട്ടിയും കേരളത്തിലേക്ക് ഒതുങ്ങി. പുലിയെ മടയിൽ ഒതുക്കുന്നപോലെ കേരളത്തിൽ ഇവരെ ബിജെപി ഒതുക്കും.
ഈ വിജയം ഇവിടെ ഉപയോഗപ്പെടുത്താനുളള ശ്രമം കൂടി കേരളത്തിൽ ബിജെപി നടത്തും. ഇന്ത്യയിലെ ഭരണ സംവിധാനത്തിന്റെ സൂചനകൾ നൽകുന്ന സംസ്ഥാനമാണ് യുപി. ആ യുപിയിൽ ഉണ്ടായ മാറ്റം കേരളത്തിലെ ജനങ്ങൾ കാണും എന്ന് കരുതുന്നതായും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.
















Comments