ലക്നൗ ; രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ ഭരണത്തുടർച്ച നേടി യുപിയിൽ തലയുയർത്തി നിൽക്കുന്നു ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയിൽനിന്നും ദേശീയ നേതാവിലേക്കു വളർന്നിരിക്കുന്നു. യുപിയിൽ യോഗിയെയും കേന്ദ്രത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇഷ്ടപ്പെടുന്നുവെന്ന സന്ദേശമാണ് യുപിയിലെ ജനങ്ങൾ നൽകിയത്. ഈ വിജയത്തിൽ ഓരോ ബിജെപി പ്രവർത്തകരും വ്യക്തമായ പങ്കുവഹിച്ചിട്ടുണ്ട് . എന്നാൽ ഈ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലും, ചാണക്യൻ എന്ന് വിളിക്കപ്പെടുന്ന അമിത് ഷായുടെ പങ്ക് വ്യക്തമായി മനസിലാക്കാനാകും.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കഴിഞ്ഞ ഡിസംബറിൽ അഖിലേഷ് യാദവ് തന്റെ ‘സമാജ്‌വാദി പാർട്ടി വിജയ് രഥയാത്ര’യുടെ ഭാഗമായി യുപി–മധ്യപ്രദേശ് അതിർത്തിയിലുള്ള ബുന്ദേൽഖണ്ഡ് മേഖലയിൽ നടത്തിയ പര്യടനങ്ങളിൽ തടിച്ചു കൂടിയത് വൻ ജനക്കൂട്ടമായിരുന്നു.
എന്നാൽ യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ നടത്തിയ രണ്ട് പ്രസ്താവനകൾ പ്രതിപക്ഷ പാളയത്തിന്റെ വോട്ട് ബാങ്കിൽ വലിയ വിള്ളലുണ്ടാക്കിയെന്നാണ് യുപി മാദ്ധ്യമങ്ങളുടെ വിലയിരുത്തൽ . 2022ലെ യുപി തെരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ജാതി അടിസ്ഥാനമാക്കി ഒരു ചക്രവ്യൂഹം തന്നെ സൃഷ്ടിച്ചിരുന്നു. യുപിയുടെ വിവിധ ഭാഗങ്ങളിൽ ജാതി അടിസ്ഥാനമാക്കിയുള്ള പ്രാദേശിക പാർട്ടികളുമായി സമാജ്‌വാദി പാർട്ടി സഖ്യമുണ്ടാക്കി. ബിജെപിയെ മുഴുവൻ ജാതിക്കാരിൽ നിന്ന് ഒറ്റപ്പെടുത്താമെന്നാണ് എസ്പി പ്രതീക്ഷിച്ചിരുന്നത് .
എസ്‌പി അധ്യക്ഷൻ ബുന്ദേൽഖണ്ഡിൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനകംതന്നെ ആ പ്രദേശങ്ങളിൽ രണ്ട് റാലികൾ നടത്തിക്കഴിഞ്ഞിരുന്നു. 19 നിയമസഭാ സീറ്റുകളും നാല് ലോക്സഭാ സീറ്റുകളുമുള്ള ഇവിടെ യോഗി അതിനകം മൂന്ന് സന്ദർശനങ്ങളും നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാകട്ടെ, കുറെയായി ആ മേഖലയിലെ സ്ഥിരം സന്ദർശകയുമായിരുന്നു.
എന്നാൽ ഇതിനൊക്കെ പിന്നാലെയുള്ള അമിത് ഷായുടെ വരവാണ് പ്രതിപക്ഷത്തെ ആദ്യം സന്തോഷിപ്പിച്ചതും , ഇന്ന് നിരാശയിലാക്കിയതും . 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയുടെ ചുമതലക്കാരനായി ബിജെപിയെ വൻ വിജയത്തിലേക്ക് നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് ഇവിടുത്തെ വോട്ടർമാരുടെ പൾസ് നന്നായി മനസ്സിലാക്കിയ വ്യക്തിയാണ് . അഖിലേഷ് യാദവ് ജാതി അടിസ്ഥാനമാക്കിയുള്ള ചക്രവ്യൂഹമാണ് സൃഷ്ടിച്ചതെന്ന് കണ്ടതോടെ ആ ചക്രവ്യൂഹത്തിൽ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള തന്ത്രമാണ് അമിത് ഷാ മെനഞ്ഞത് .
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കർഷകപ്രക്ഷോഭം ബിജെപിക്ക് വൻ നഷ്ടമുണ്ടാക്കുമെന്ന് വിശ്വസിച്ചിരുന്നു. രാഷ്‌ട്രീയ ലോക്ദളും (ആർഎൽഡി) സമാജ്‌വാദി പാർട്ടിയും ചേർന്നുള്ള സഖ്യത്തിന് വോട്ടുകൾ നല്ല രീതിയിൽ ലഭിക്കുമെന്നാണ് സർവേ അടിസ്ഥാനമാക്കിയുള്ള വിവിധ വാർത്തകളിൽ പറഞ്ഞിരുന്നത് . ഇത്തരമൊരു സാഹചര്യത്തിലാണ് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമിത് ഷാ രാഷ്‌ട്രീയ ലോക്ദൾ നേതാവ് ജയന്ത് ചൗധരിയെ ബിജെപിയിലേക്ക് ക്ഷണിച്ചത്. ജയന്ത് ചൗധരി നല്ല നേതാവാണെന്നും എന്നാൽ തെറ്റായ സഖ്യത്തിലാണെന്നും പറഞ്ഞു. അമിത് ഷായുടെ ഈ പ്രസ്താവന ജാട്ട് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു
തിരഞ്ഞെടുപ്പിന് ശേഷം ജയന്ത് ചൗധരി ബി.ജെ.പിക്കൊപ്പം പോകുമോ എന്ന് ചിന്തിക്കാൻ വലിയൊരു വിഭാഗം ജാട്ട് വോട്ടർമാരും നിർബന്ധിതരായതായി വിദഗ്ധർ പറയുന്നു. ഈ ആശയക്കുഴപ്പത്തിന്റെ ഗുണം അമിത് ഷാ വ്യക്തമായി കാണുകയും ചെയ്തിരുന്നു .
മാത്രമല്ല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ടെലിവിഷൻ അഭിമുഖങ്ങളിലും അമിത് ഷാ പറഞ്ഞുകൊണ്ടിരുന്നത് മായാവതിയ്‌ക്ക് യുപി രാഷ്‌ട്രീയത്തിൽ എന്നും പ്രസക്തി ഉണ്ടെന്നായിരുന്നു . . ബിഎസ്പിക്ക് എത്ര സീറ്റ് ലഭിക്കുമെന്ന് പറയാനാകില്ലെന്നും എന്നാൽ തങ്ങളുടെ പാർട്ടിക്ക് വോട്ട് ലഭിക്കുമെന്നും മാത്രം അമിത് ഷാ പറഞ്ഞു. യുപിയിലെ മുസ്ലീങ്ങൾ വൻതോതിൽ ബിഎസ്പിക്ക് വോട്ട് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
എന്നാൽ ഇത് മറ്റൊരു തന്ത്രമാണെന്നറിയാതെ ഈ പ്രസംഗത്തെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു പ്രതിപക്ഷം . ‘അദ്ദേഹം അടിസ്ഥാന യാഥാർത്ഥ്യം അംഗീകരിച്ചത് അദ്ദേഹത്തിന്റെ കുലീനതയാണെന്ന് ഞാൻ കരുതുന്നു. ദളിതരിൽ നിന്നും മുസ്ലീങ്ങളിൽ നിന്നും മാത്രമല്ല ഉത്തർപ്രദേശിലെ ഏറ്റവും പിന്നോക്ക വിഭാഗങ്ങളിൽ നിന്നും ബിഎസ്പിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഉയർന്ന ജാതിക്കാരും അവിടെയുണ്ട്. ബിഎസ്പിക്ക് മുഴുവൻ സമൂഹത്തിന്റെയും വോട്ട് ലഭിക്കുന്നുണ്ട്. 2007ലെപ്പോലെ കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ തീർച്ചയായും സർക്കാർ രൂപീകരിക്കും ‘ അമിത് ഷായുടെ പ്രസ്താവനയ്‌ക്ക് ശേഷം ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞത് ഇങ്ങനെയായിരുന്നു .
യുപി തിരഞ്ഞെടുപ്പ് ഫലം നോക്കുമ്പോൾ അമിത് ഷാ കളിച്ച കളിയിൽ മായാവതി കുടുങ്ങിയെന്നാണ് യുപി മാദ്ധ്യമങ്ങൾ പറയുന്നത് . തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മായാവതിയെ അമിത് ഷാ പുകഴ്‌ത്തിയതും പിന്നീട് അമിത് ഷായെ മായാവതി പുകഴ്‌ത്തിയതും ജാതവ്, മുസ്ലീം വോട്ട് ബാങ്കിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം മായാവതിക്ക് ബി.ജെ.പിക്കൊപ്പം പോകാമെന്നും അതിനാൽ ബി.എസ്.പി സ്ഥാനാർഥിക്ക് ഒരു സാഹചര്യത്തിലും വോട്ട് ചെയ്യരുതെന്നും മുസ്ലീങ്ങൾ മനസ്സിലാക്കിത്തുടങ്ങി. മറുവശത്ത്, ബിഎസ്പി സ്ഥാനാർത്ഥികൾക്ക് വിജയസാധ്യത കുറവുള്ള സീറ്റുകളിൽ, ഭൂരിഭാഗം ദളിതരും ബിജെപിയ്‌ക്കൊപ്പം നിന്നതും വിജയത്തിന് കരുത്ത് കൂട്ടി.
















Comments