ഇംഫാൽ: മണിപ്പൂരിൽ കോൺഗ്രസിനോട് മാത്രമല്ല മന്ത്രിസഭയിലെത്തുന്ന സഖ്യകക്ഷികളോടും പൊരുതി ഭൂരിപക്ഷം നേടിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. ആകെയുള്ള 60 സീറ്റുകളിൽ 32-ഉം തൂത്തുവാരി മണിപ്പൂരിൽ ഭരണത്തുടർച്ച നേടിയിരിക്കുകയാണ് ബിജെപി.
രണ്ടാം സ്ഥാനത്തെത്തിയ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് ലഭിച്ചത് ഏഴ് സീറ്റുകളാണ്. അഞ്ച് സീറ്റുകൾ നേടിയ നാഗാ പീപ്പിൾസ് ഫ്രണ്ട് നില മെച്ചപ്പെടുത്തുകയും ചെയ്തു. കോൺഗ്രസിനും അഞ്ച് സീറ്റുകളാണ് മണിപ്പൂരിൽ നേടാനായത്. ജനതാദൾ യുണൈറ്റഡിന് ആറ് സീറ്റുകളും ലഭിച്ചു. 22 വർഷങ്ങൾക്ക് ശേഷമാണ് മണിപ്പൂരിൽ ജനതാദൾ സീറ്റ് നേടുന്നതെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാതിരുന്ന പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ ഇത്തവണ ഒറ്റസംഖ്യയിൽ ഒതുങ്ങുന്ന തിരഞ്ഞെടുപ്പ് ഫലമായിരുന്നു ഐഎൻസിയെ കാത്തിരുന്നത്. 3 തവണ കോൺഗ്രസ് മുഖ്യമന്ത്രിയായ ഇബോബി സിംഗ് വിജയിച്ചെങ്കിലും പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽപോലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെടുകയായിരുന്നു.
മണിപ്പൂരിൽ 37.83 ശതമാനം വോട്ടാണ് ഭരണകക്ഷിയായ ബിജെപിക്ക് നേടാനായത്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നടത്തിയ വികസനവും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ സമാധാരപരമായ ഭരണവും ബിജെപിയുടെ വിജയത്തിന് നിർണായകമായെന്നാണ് വിലയിരുത്തൽ. ഇതേസമയം നോട്ടയോടും പൊരുതി തോറ്റിരിക്കുകയാണ് സിപിഐ. 0.56 ശതമാനം വോട്ടുകൾ നോട്ടയ്‌ക്ക് പോയപ്പോൾ സിപിഐയ്‌ക്ക് ലഭിച്ചത് വെറും 0.06 ശതമാനം വോട്ടുകളായിരുന്നു.
















Comments