തിരുവനന്തപുരം : കാർഷിക മേഖലയിൽ കൃഷിവകുപ്പിനുള്ള ആകെ അടങ്കൽ തുക 881 .96 കോടി രൂപയായി വർദ്ധിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. മുൻവർഷത്തെക്കാൾ അധികം. ബഹുവിള കൃഷി സമ്പദ്രായത്തിന് പ്രാധാന്യം നൽകുന്ന പദ്ധതി മൂന്ന്ഘട്ടങ്ങളായി നടപ്പാക്കും. ഇതിനായി 29 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
കാർഷികമേഖലയുടെ പ്രോത്സാഹനത്തിനായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി രൂപീകരിക്കാൻ ആലോചിക്കുന്നു. സമൂഹത്തിലെ എല്ലാവരെയും ഉൾപ്പെടുത്തി. അഞ്ച് വർഷക്കാലമായി നെൽകൃഷി വർദ്ധിച്ചു. കൊറോണ കാലത്ത് തരിശു ഭൂമിയായി കിടന്ന ഏക്കറുകണക്കിന് ഭൂമിയിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നെൽകൃഷി നടത്തിയത്. സുസ്ഥിര നെൽകൃഷി വികസനത്തിന് ഉത്പാദനോപാധികൾക്കുളള സഹായം ഹെക്ടറിന് 5,500 രൂപ നിരക്കിൽ നൽകുന്നതിനും, കർഷകർക്ക് 3000 രൂപ വീതം റോയൽറ്റി നൽകുന്നതിനായി 60 കോടി രൂപ വകയിരുത്തുന്നു. ഇതുൾപ്പെടെ നെൽകൃഷിയുടെ വികസനത്തിന് മാത്രമായി 76 കോടി രൂപ നീക്കിവയ്‌ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
നെല്ലിന്റെ താങ്ങുവില 28.20 രൂപയായി വർദ്ധിപ്പിച്ചു. ഇതിനായി 50 കോടി രൂപ വകയിരുത്തി. കോൾ മേഖലയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാൻ 10 കോടി രൂപ അനുവദിച്ചു. പച്ചക്കറി കൃഷി വികസനത്തിനായി വിഎഫ്പിസികെയ്‌ക്കുള്ള അടങ്കൽ തുക 14 ൽ നിന്നും 25 കോടിയായി ഉയർത്തുന്നു. കാർഷിക ഉത്പന്നങ്ങൾ വിൽക്കാൻ ഇക്കോഷോപ്പുകൾ ആരംഭിക്കും. മലയോര മേഖലകളിലെ പഴങ്ങളും മറ്റും കേടുകൂടാതെ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി കോൾഡ് ചെയിൻ സംവിധാനം ശക്തിപ്പെടുക്കും. നാളികേര വികസനത്തിന് 73.90 കോടി രൂപ. ഈ വർഷം ജൂൺ ജൂലൈ കാലയളവിൽ കേരരക്ഷ വാരം ആചരിക്കും. അവക്കാഡോ, റംബൂട്ടാൻ തുടങ്ങിയ പഴ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 18.95 കോടി രൂപ വകയിരുത്തുന്നതായും ബാലഗോപാൽ കൂട്ടിച്ചേർത്തു .
Comments