ന്യൂയോർക്ക്: യുക്രെയ്‌നിൽ യുദ്ധം പ്രഖ്യാപിച്ചത് മുതൽ ഒരു ദശലക്ഷത്തിലധികം കുട്ടികൾ പലായനം ചെയ്തുതായി യുണിസെഫ് അറിയിച്ചു. ഭൂരിഭാഗം കുഞ്ഞുങ്ങളും കുടുംബസമേതം പലായനം ചെയ്തവരാണ്. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ, റൊമാനിയ എന്നീ അയൽരാജ്യങ്ങളിലേക്കാണ് മിക്കവരും ചേക്കേറിയത്.
പലായനം ചെയ്ത് കുട്ടികളുടെ എണ്ണത്തിന്റെ കണക്ക് അതിഭീകരമാണ്. യുക്രെയ്‌നിലെ ഓരോ കുടുംബങ്ങളുടെയും അവിടുത്തെ കുഞ്ഞുങ്ങളുടെയും സ്ഥിതി എത്രമാത്രം ദയനീയമാണെന്ന് പലായനം ചെയ്തവരുടെ കണക്കുകൾ വ്യക്തമാക്കുന്നു. സുരക്ഷിതത്വത്തിന് വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ കുട്ടികൾക്ക് അവർക്ക് പ്രിയപ്പെട്ടതും അറിയാവുന്നതുമായ എല്ലാം ഉപേക്ഷിക്കുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് യൂണിസെഫ് റീജിയണൽ ഡയറക്ടർ പ്രതികരിച്ചു.
ഇതിനോടകം ആറ് ട്രക്കുകളിലായി 70 ടൺ സാധനങ്ങൾ യുക്രെയ്‌നിലേക്ക് എത്തിയിട്ടുണ്ട്. മെഡിക്കൽ, ശസ്ത്രക്രിയ ആവശ്യങ്ങൾക്കുള്ള കിറ്റുകൾ, പ്രസവചികിത്സ കിറ്റുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ എന്നിവയെല്ലാമാണ് എത്തിച്ചത്. യുക്രെയ്‌നിലെ അഞ്ച് പ്രധാന സംഘർഷ ബാധിത പ്രദേശങ്ങളിലുള്ള 22 ആശുപത്രികളിലേക്കാണ് മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. മേഖലകളിലുള്ള 20,000 കുട്ടികൾക്കും അവരുടെ അമ്മമാർക്കും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ലോകത്തിലെ ഏറ്റവും വലിയ മാനുഷിക സഹായകേന്ദ്രമായ യൂണിസെഫിന്റെ വെയർഹൗസ് കോപ്പൻഹേഗനിലാണുള്ളത്. അവിടെ നിന്നും മൂന്ന് ട്രക്കുകൾ അയച്ചിട്ടുണ്ട്. വിനോദ, ശുചിത്വ കിറ്റുകളും അവശ്യ സാധനങ്ങളുമാണ് അയച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ട്രക്കുകൾ പോളണ്ടിൽ എത്തിയതായും യൂണിസെഫ് അറിയിച്ചു.
വരും ദിവസങ്ങളിൽ കോപ്പൻഹേഗനിൽ നിന്നും തുർക്കിയിൽ നിന്നും കൂടുതൽ സഹായങ്ങൾ വരുമെന്നും യൂണിസെഫ് റീജിയണൽ ഡയറക്ടർ കൂട്ടിച്ചേർത്തു. യുദ്ധാനന്തര ജീവിതത്തെ അഭിമുഖീകരിക്കാൻ പോകുന്ന എല്ലാ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ കഴിയുന്നതെല്ലാം യൂണിസെഫ് ചെയ്യുന്നുണ്ട്. പക്ഷേ യുദ്ധം അവസാനിപ്പിക്കണമെന്നാണ് മുന്നോട്ടുവെക്കാനുള്ള ഏക ആവശ്യം. സമാധാനം മാത്രമാണ് സുസ്ഥിര പരിഹാരമെന്നും യൂണിസെഫ് വ്യക്തമാക്കി.
















Comments