തിരുവനന്തപുരം: യാഥാർത്ഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇരുപതിനായിരം കോടി രൂപയുടെ നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങളാണ് ബജറ്റിൽ തുന്നിച്ചേർത്തുവച്ചിരിക്കുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 70 ശതമാനം പദ്ധതികളും നടപ്പാക്കിയില്ല. കഴിഞ്ഞ ബജറ്റിൽ ആരോഗ്യ മേഖലയ്‌ക്ക് ആയി നിരവധി പദ്ധതികൾ മാറ്റിവെച്ചു. എന്നാൽ ഇതൊന്നും നടപ്പായില്ല. കൊറോണ പ്രതിസന്ധിയും ഇതുണ്ടാക്കിയ സാമ്പത്തിക മാന്ദ്യവും മറികടക്കാനുള്ള പദ്ധതികൾ ഒന്നും തന്നെ ബജറ്റിൽ ഇല്ല. മുൻ പ്രഖ്യാപനങ്ങൾ നടപ്പാക്കിയില്ല .ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.
നികുതി ഭരണ സംവിധാനം ജി എസ് ടി യ്‌ക്ക് അനുയോജ്യമായി മാറ്റിയെടുത്തില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടു. പൊള്ളയായ ബജറ്റ് ആണ് ഇടത് സർക്കാരിന്റേത്. ഇടത് പക്ഷത്തിന്റെ സ്വഭാവം ബജറ്റിൽ കാണുന്നില്ല. കേരളത്തിന്റെ സാമ്പത്തിക നില അപകടകരമായി തകരും.ആസൂത്രണ പ്രക്രിയ പൂർണമായി തകർന്നു. വലത് പക്ഷ വ്യതിയാനമുള്ള ബജറ്റാണ് ഇത്. നികുതി കുടിശ്ശിക പിരിച്ചെടുക്കാൻ സർക്കാർ പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Comments