തരൂർ: യുവമോർച്ച പാലക്കാട് തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ബിജെപി. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ പ്രതികളാണെന്നും നിരവധി തവണ അരുണിനേയും കുടുംബത്തെയും സിപിഎം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ രണ്ടിന് സിപിഎം അക്രമികൾ ദാരുണമായി ആക്രമിച്ച അരുൺ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 8 ദിവസമായി ചികിത്സയിലായിരുന്നു.
കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ബിജെപി ആരോപിച്ചു. പ്രതികളെ പിടികൂടാൻ ഒരാഴ്ച സമയം എടുത്തു. സിപിഎമ്മുമായുള്ള ധാരണയുടെ പുറത്താണ് അറസ്റ്റ് നടത്തിയതെന്നും ബിജെപി ചൂണ്ടിക്കാട്ടി.
അതേസമയം സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്നാണ് പോലീസിന്റെ നിലപാട്. സമുദായ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷമാണ് ആക്രമണത്തിന് കാരണമെന്നും ഗുഢാലോചന ഇല്ലെന്നുമാണ് പോലീസ് ഭാഷ്യം. പ്രതികൾ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരായിട്ടും സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്ന പോലീസ് നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ആലത്തൂർ റവന്യു താലൂക്കിലും, പെരുങ്ങോട്ടുകുർശ്ശി, കോട്ടായി പഞ്ചായത്തുകളിലും ശനിയാഴ്ച രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഹർത്താൽ ആയിരിക്കുമെന്ന് ബിജെപി ജില്ല അധ്യക്ഷൻ കെ. എം.ഹരിദാസ് അറിയിച്ചു.
Comments