ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദയനീയമായി തകർന്നടിഞ്ഞതോടെ വിമത നേതാക്കളുടെ സംഘമായ ജി 23 വീണ്ടും ഉണരുന്നു. ഇന്നലെ മുതൽ ഒറ്റപ്പെട്ട പ്രസ്താവനകൾ പാർട്ടി നേതൃത്വത്തിനെതിരെ ഈ നേതാക്കൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാവ് ഗുലാം നബി ആസാദിന്റെ വസതിയിൽ ഇവർ രഹസ്യയോഗം ചേർന്നത്.
തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സ്ഥിതിയും കോൺഗ്രസിന്റെ പരാജയത്തിന്റെ ആഘാതവുമാണ് നേതാക്കൾ വിലയിരുത്തിയത്. പരാജയം ചർച്ച ചെയ്യാൻ ഉടൻ പ്രവർത്തകസമിതി ചേരുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ജി 23 നേതാക്കൾ വീണ്ടും സംഘടിച്ചത്.
കപിൽ സിബൽ, മനീഷ് തിവാരി, ആനന്ദ് ശർമ്മ, അഖിലേഷ് പ്രസാദ് സിംഗ്, ഭൂപീന്ദർ സിംഗ് ഹൂഡ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്. ബാക്കിയുളളവർ വെർച്വൽ രീതിയിൽ യോഗത്തിൽ പങ്കെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്.
തുടർച്ചയായി ഉണ്ടാകുന്ന പരാജയങ്ങളുടെയും നേതൃത്വത്തിന്റെ വീഴ്ചകളും മറികടക്കാൻ പാർട്ടിക്കുളളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് 2020 ഓഗസ്റ്റിൽ നേതാക്കൾ സോണിയയക്ക് കത്തെഴുതിയിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഈ കത്തിലെ ആവശ്യങ്ങൾ ഇനിയും പൂർണമായി നടപ്പിലാക്കിയിട്ടില്ല. അടുത്തിടെ ഈ നേതാക്കളെ അനുനയിപ്പിക്കാൻ സോണിയാഗാന്ധി യോഗം വിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് വലിയ തോൽവി ഏറ്റുവാങ്ങിയത്.
ഈ സാഹചര്യത്തിൽ സോണിയയ്‌ക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കയെക്കുമെതിരെ ശക്തമായ വിമർശനങ്ങൾ വരും ദിവസങ്ങളിൽ ഈ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായേക്കും.
Comments