വളർത്തുമൃഗങ്ങളെ ഓമനയോടെ പരിപാലിക്കുന്നവരാണ് നാം.ഒരു കൗതുകത്തിന്റെ പുറത്ത് അവയ്‌ക്ക് പ്രത്യേക പരിശീലനങ്ങളും നൽകാറുണ്ട്. യുകെയിലെ ഒരു കുടുംബവും തങ്ങളുടെ പ്രിയപ്പെട്ട വളർത്തു നായയെ ചില കാര്യങ്ങൾ പഠിപ്പിച്ചു.
പഠിപ്പിച്ചത് അക്ഷരം പ്രതി അനുസരിച്ച നായ വരുത്തി വെച്ചതാകട്ടെ ലക്ഷങ്ങളുടെ നഷ്ടവും. നായയെ അടുക്കളയിലെ ടാപ്പ് എങ്ങനെ ഓണാക്കാമെന്ന് പഠിപ്പിച്ചതാണ് തലവേദനയ്‌ക്ക് കാരണമായത്. കുടുംബം വീട്ടിലില്ലാത്ത സമയത്ത് നായയാകട്ടെ പഠിച്ചത് ഒന്ന് പരീക്ഷിച്ച് നോക്കുകയും ചെയ്തു. ഇതോടെ വീട്ടിനുള്ളിൽ വെള്ളം കയറുകയും നാല് ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു എന്നാണ് വിവരം.
ലാബ്രഡോറിന്റെയും, ഗ്രേറ്റ് ഡെയ്നിന്റെയും ക്രോസ്സായ ലാബ്രഡേൻ ഇനത്തിൽ പെട്ടതാണ് നായ. വിസ്‌കി എന്നാണ് നായയുടെ പേര്. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴേക്കും വീട് നിറച്ചും വെള്ളത്തിലായിരുന്നു. എത്ര ആലോചിച്ചിട്ടും ആർക്കും കാര്യം പിടികിട്ടിയില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് എല്ലാവർക്കും കാര്യം മനസിലായത്.അടുക്കളയിലെ സിങ്കിൽ കൈകൾ വച്ചുകൊണ്ട് നായ പിൻകാലുകളിൽ നിൽക്കുന്നത് ക്യാമറയിൽ കാണാമായിരുന്നു.
2020 ൽ സമാനമായ രീതിയിൽ പൂച്ചയെ ടാപ്പ് ഓണാക്കാൻ പഠിപ്പിച്ചതിനെ തുടർന്ന് ഉടമയുടെ വീട് വെള്ളത്തിൽ മുങ്ങിയ സംഭവവും ഉണ്ടായിട്ടുണ്ട്. ഉടമയായ ജാസ്മിൻ സ്റ്റോർക്ക് അര മണിക്കൂർ നേരത്തേയ്‌ക്ക് മാത്രമാണ് പുറത്ത് പോയത്. എന്നാൽ, ആ സമയം കൊണ്ട് പൂച്ച വീട്ടുകാർക്ക് എട്ടിന്റെ പണി കൊടുത്തു.
Comments