ബംഗലുരു: ഡൽഹിയിൽ ആദ്യവിജയം നേടി ഭരണം പിടിച്ച ആംആദ്മി പാർട്ടിക്ക് പഞ്ചാബ് തിരഞ്ഞെടുപ്പോടെ ആത്മവിശ്വാസം ഇരട്ടിച്ചു. ഇനി തെക്കെ ഇന്ത്യ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. കർണാടകയിൽ കച്ചകെട്ടിയിറങ്ങാനാണ് പാർട്ടി തീരുമാനം.
പഞ്ചാബിലെ വിജയം മെട്രോപോളിറ്റൻ സിറ്റികളിൽ മാത്രമല്ല ഗ്രാമീണ മേഖലകളിലും പാർട്ടിക്ക് സ്വാധീനമുറപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് നൽകിയത്. മെട്രോ പൊളിറ്റൻ സിറ്റിയും കാർഷിക-ഗ്രാമീണമേഖലയും ഒരുപോലെ പ്രാധാന്യമുളളതിനാലാണ് കർണാടക ലക്ഷ്യമിടാൻ കാരണം.
അടുത്തവർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലത്തിലും സ്ഥാനാർത്ഥികളെ നിർത്തും. മൂന്നുമാസത്തിനകം നിയമസഭാ സ്ഥാനാർത്ഥികളെ കണ്ടെത്താൻ ശ്രമം നടത്തും. വരുംമാസങ്ങളിൽ കർണാടകയിലെ പ്രമുഖർ പലരും എഎപിയുടെ ഭാഗമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് പൃഥ്വി റെഡ്ഡി പറഞ്ഞു.
വരാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പ് പൈലറ്റ് പ്രോജക്ട് ആയി കണക്കാക്കും. എല്ലാവാർഡുകളിലും സ്ഥാനാർത്ഥികളെ നിർത്തി പരീക്ഷണം നടത്തും. സംസ്ഥാനത്ത് ബിജെപിക്കും കോൺഗ്രസിനും ജെഡിസിക്കും ബദലാവാനാണ് എഎപിയുടെ തീരുമാനം.
Comments