തിരുവനന്തപുരം: വർക്കല തീപിടുത്തത്തിൽ മരിച്ച പ്രതാപന്റേയും കുടുംബാംഗങ്ങളുടേയും സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. പ്രതാപന്റെ മരുമകൾ അഭിരാമിയേയും എട്ട് മാസം പ്രായമായ കുഞ്ഞിനേയും ഒരുമിച്ച് അടക്കം ചെയ്തു. പ്രതാപന്റേയും ഭാര്യ ഷേർളിയുടേയും ഇളയ മകൻ അഹിലിന്റേയും മൃതദേഹങ്ങൾ തൊട്ടടുത്ത് തന്നെ സംസ്‌കരിച്ചു.
തീപിടുത്തം നടന്ന വീടിനോട് ചേർന്നുള്ള സ്ഥലത്താണ് അഞ്ച് പേരുടേയും മൃതദേഹം അടക്കം ചെയ്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മൃതദേഹം. അവിടെ നിന്നും അഭിരാമിയുടേയും കുഞ്ഞിന്റേയും മൃതദേഹം വക്കത്തെ അഭിരാമിയുടെ വീട്ടിൽ എത്തിച്ചു. പൊതുദർശനത്തിന് ശേഷം പുത്തൻചന്തയിലെത്തിച്ച് മറ്റ് മൂന്ന് പേരുടേയും മൃതദേഹങ്ങൾക്കൊപ്പം വിലാപയാത്രയായിട്ടാണ് പ്രതാപന്റെ വീട്ടിലെത്തിച്ചത്.
മന്ത്രിമാർ, എംഎൽഎമാർ അടക്കം നിരവധി ജനപ്രതിനിധികൾ അദരാഞ്ജലി അർപ്പിക്കാൻ എത്തി. ചൊവ്വാഴ്ച പുലർച്ചെ 1.45 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. അയന്തി പന്തുവിള രാഹുൽ നിവാസിൽ പ്രതാപൻ, ഭാര്യ ഷേർളി, മകൻ അഹിൽ, മകൻ നിഹുലിന്റെ ഭാര്യ അഭിരാമി, അവരുടെ മകൻ റയാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ നിഹുൽ ഇപ്പോഴും ചികിത്സയിലാണ്.
















Comments