ആലപ്പുഴ: ഓപ്പറേഷൻ ഗംഗയുടെ വിജയം അഭിമാനമാണെന്നും സുവർണ നിമിഷമാണെന്നും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ എല്ലാ കരുത്തും വിളിച്ചോതി ഓപ്പറേഷൻ ഗംഗ വിജയകരമായി പൂർത്തിയാക്കുമ്പോൾ ഓരോ ഭാരതീയനും ഏറെ അഭിമാനിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മറ്റ് രാജ്യങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാണ് ഇന്ത്യ അഭിമാനകരമായി ചെയ്തത്. പ്രധാനമന്ത്രി ലോകം ചുറ്റുകയാണെന്ന് രാഷ്‌ട്രീയ വിദ്വേഷം മൂലം അപഹസിച്ചവർ ഒരുപാടുണ്ട്, ഈ കേരളത്തിൽ പോലും. അങ്ങനെ ഉള്ളവർ ഇതുകൂടി കാണുക… ആ യാത്രകൾ കരുപ്പിടിപ്പിച്ച നയതന്ത്ര ബന്ധമാണിവിടെ നമുക്ക് തുണയായത്.
മറ്റ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ ബുദ്ധിമുട്ടുന്ന സമയത്ത്, ഓരോ ഭാരതീയരെയും മടക്കി കൊണ്ടുവരുവാൻ നമുക്ക് കഴിഞ്ഞത് ലോക രാഷ്‌ട്രങ്ങൾക്കിടയിൽ ഭാരതത്തിന്റെ സ്വാധീനം വർധിച്ചുവരുന്നതിന്റെ തെളിവാണ്. ദേശീയ പതാക ചാർത്തിയ വാഹനങ്ങളിലൂടെ ഭാരതീയരെ രക്ഷപ്പെടുത്തിയതിനൊപ്പം ജാതി മത വർഗ്ഗ വർണ്ണ വിവേചനങ്ങൾ നോക്കാതെ പാക്കിസ്ഥാനികൾ ഉൾപ്പെടെ യുദ്ധമുഖത്ത് ഭയപ്പെട്ടു പോയ അന്യരാജ്യക്കാരെ പോലും ത്രിവർണ പതാകയുടെ തണലിൽ ഭാരതം രക്ഷപ്പെടുത്തിയതും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
സംഘർഷഭരിതമായ സുമി നഗരത്തിൽ നിന്ന് രക്ഷപെടുത്തിയ ഇന്ത്യക്കാരിലെ അവസാന സംഘവും രാജ്യത്ത് മടങ്ങി എത്തിയതോടെയാണ് ഓപ്പറേഷൻ ഗംഗ പൂർത്തിയായത്. ദൗത്യത്തിന് മറ്റു രാജ്യങ്ങളുടെ പോലും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റാൻ കഴിഞ്ഞു. പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവയടക്കം യുക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ വഴിയാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവന്നത്.
Comments