ന്യൂഡൽഹി: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അഭിനന്ദിച്ച് ജെഡി(എസ്) അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച.ഡി ദേവഗൗഡ. രാഷ്‌ട്രീയമായി ഏറെ നിർണ്ണായകമായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരം നിലനിർത്തി. രാജ്യത്തിന്റെ എല്ലാ കോണുകളിലും ബിജെപിയെ അധികാരത്തിലെത്തിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പോരാടുകയാണ്. അദ്ദേഹം അർപ്പണമനോഭാവത്തോടുകൂടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും എച്ച്.ഡി ദേവഗൗഡ പറഞ്ഞു.
ഇന്ന് ബംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദേവഗൗഡ. മതേതര പ്രാദേശിക പാർട്ടികളും കോൺഗ്രസും ഉൾപ്പെടെ ഒന്നിച്ചാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒരുമിച്ചാൽ അത് രാജ്യത്തിന്റെ വിശാല താത്പര്യത്തിന് ഗുണമാവും. ഇപ്പോൾ തന്റെ ശ്രദ്ധയും താൻ നേരിടുന്ന വെല്ലുവിളിയും തന്റെ പാർട്ടിയുടെ നിലനിൽപ്പാണ്. ഒരു പ്രാദേശിക പാർട്ടിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നത് അത്ര എളുപ്പമല്ല. കോൺഗ്രസ് മറ്റ് പ്രാദേശിക പാർട്ടികൾക്ക് സമാനമായെന്നും ദേവഗൗഡ പറഞ്ഞു.
2018ൽ തന്റെ മകൻ എച്ച്ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ എല്ലാവരേയും വേദിയിൽ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തന്റെ പാർട്ടിയുടെ അതിജീവനം ഉറപ്പാക്കുന്നതിന് മാത്രമാണ് ഇപ്പോൾ ശ്രദ്ധ. ഇതിന്റെ ഭാഗമായുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നതിന് പാർട്ടിയുടെ യോഗം മാർച്ച് 20ന് വിളിച്ചിട്ടുണ്ട്. 2023ലെ തെരഞ്ഞെടുപ്പിൽ ഒരു രാഷ്‌ട്രീയപാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും ഗൗഡ വ്യക്തമാക്കി.
















Comments