കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ അബ്ദുൾ റസാഖിനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്യുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെ തുടർന്ന് ഇയാൾക്കെതിരെ ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
സംസ്ഥാനത്ത് നിന്നും വിദേശത്തേയ്‌ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പിടികൂടുന്നത്. ഇമിഗ്രേഷൻ അധികൃതർ റാസാഖിനെ തടഞ്ഞുവെയ്‌ക്കുകയായിരുന്നു. ലക്‌നൗവിലെ കോടതിയിൽ ഹാജരാക്കിയ റസാഖിനെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽവിട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ ഇഡി ഉദ്യോഗസ്ഥർ റസാഖിന്റേയും ഇയാളുമായി ബന്ധപ്പെട്ടവരുടേയും ഓഫീസുകളിലും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നും രാജ്യത്തിന് അകത്ത് നിന്നും ഫണ്ട് ശേഖരിക്കുന്നതിൽ റസാഖിന് പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ഇഡിയ്‌ക്ക് വിവരം നൽകിയിരുന്നു. തുടർന്നാണ് റസാഖിന്റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. പരിശോധനയിൽ ഇത് ശരിവെയ്‌ക്കുന്ന തരത്തിലുള്ള രേഖകൾ കണ്ടെടുത്തതായാണ് വിവരം.
ഡിസംബർ എട്ടാം തീയതി കണ്ണൂർ പെരിങ്ങത്തൂർ, മലപ്പുറം പെരുമ്പടപ്പ്, മൂവാറ്റുപുഴ, മൂന്നാർ എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡിലാണ് രേഖകൾ കണ്ടെടുത്തത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രൊജക്ടും അബുദാബിയിലുള്ള ബാറും റസ്റ്റൊറന്റുകളും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്ന് തിരിച്ചറിഞ്ഞതായി ഇഡി വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു.
ഓഫീസിൽ നിന്നും ഇവയുമായി ബന്ധപ്പെട്ട രേഖകളാണ് ഇഡി കണ്ടെടുത്തത്. മലപ്പുറം പെരുമ്പടപ്പിൽ പോപ്പുലർഫ്രണ്ട് ഡിവിഷനൽ പ്രസിഡന്റ് അബ്ദുൽ റസാഖ്, കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മൂവാറ്റുപുഴയിലെ നേതാവ് എം.കെ.അഷറഫ് എന്ന തമർ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു.
ഡിജിറ്റൽ ഉപകരണങ്ങളും വിദേശ നിക്ഷേങ്ങളുമായി ബന്ധമുള്ള രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ തമർ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവർത്തകർ എത്തി തടയാൻ ശ്രമിച്ചിരുന്നു. തമർ കറി പൗഡറിന്റെ ഉടമയാണ് അഷറഫ്. തൊടുപുഴ ന്യൂമാൻ കോളേജിലെ അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതി കൂടിയാണ്. അന്നും ഇയാളുടെ വീടുകളിലും സ്ഥാപനങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
Comments