ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി ഉജ്ജ്വല വിജയം നേടിയപ്പോള്‍ രാജ്യത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലായെന്ന് കേന്ദ്രമന്ത്രിയും പാര്‍ട്ടി നേതാവുമായ സ്മൃതി ഇറാനി. രാജ്യത്ത് വികസനത്തിനും സ്ത്രീ സുരക്ഷിതത്വത്തിനും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് ആളുകള്‍ മനസ്സിലാക്കിയെന്ന് സ്മൃതി ഇറാനി പറഞ്ഞു.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഇവിഎം ആരോപണം ഒഴിവ്കഴിവ് മാത്രമാണെന്നും അവര്‍ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഇവിഎമ്മുകള്‍ മോഷ്ടിക്കുകയാണെന്ന് അഖിലേഷ് യാദവ് നേരത്തെ ആരോപണമുന്നയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിച്ചതിന് സ്മൃതി ഇറാനി പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലും,പശ്ചിമ ബംഗാളിലും ഞങ്ങളുടെ പ്രവര്‍ത്തകരെ നിങ്ങള്‍ കൊല്ലുന്നു. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നു. എന്നിട്ട് ഞങ്ങളെ സ്വേച്ഛാധിപതിയെന്ന് വിളിക്കുകയാണെന്നും സ്മൃതി പറഞ്ഞു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍ വിഘടനവാദികളുടെ പിന്തുണ സ്വീകരിച്ചുവെന്നും സ്മൃതി ഇറാനി ആരോപിച്ചു. എന്നാല്‍. പഞ്ചാബില്‍ അടുത്ത സര്‍ക്കാര്‍ ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിക്കുമെന്നും അവര്‍ ഉറപ്പുപറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടി ബിജെപി വീണ്ടും അധികാരത്തിലെത്തി. പഞ്ചാബില്‍ എഎപി കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയും ഡല്‍ഹിക്ക് പുറത്തെ ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.
Comments