കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താൻ സർവ്വകക്ഷിയോഗം നടത്താനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. മാർച്ച് അവസാനത്തോടെ നടത്താനാണ് നീക്കം.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രാജപക്സെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പാർലമെന്റിൽ പ്രതിനിധികളുളള രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
ഇന്ധന-വാതക ക്ഷാമം, ദിവസേനയുള്ള വൈദ്യുതി വിച്ഛേദിക്കൽ എന്നീ സാഹചര്യങ്ങളിലൂടെയാണ് ശ്രീലങ്ക നിലവിൽ കടന്ന് പോകുന്നത്. ഇതിന് പുറമേ പ്രധാനപ്പെട്ട എല്ലാ അന്താരാഷ്‌ട്ര കറൻസികൾക്കെതിരെയും ശ്രീലങ്കൻ കറൻസിയുടെ മൂല്യം കൂപ്പുകുത്തി.
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന വിതരണ കോർപ്പറേഷൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിരക്ക് വർധിപ്പിച്ചത്. ഒക്ടെയ്ൻ-92 പെട്രോൾ ലിറ്ററിന് 77 രൂപ വർധിപ്പിച്ച് 254 രൂപയായും ഒക്ടെയ്ൻ-95 പെട്രോളിന് 76 രൂപ വർധിപ്പിച്ച് 283 രൂപയായും ഉയർത്തി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിനുണ്ടായ വില വർധനവ് മൂലം വൻ നഷ്ടമുണ്ടാകുകയാണെന്നും നിരക്ക് കൂട്ടാതെ മറ്റു മാർഗങ്ങളില്ലെന്നും ഊർജ മന്ത്രി ഗമിനി ലോകെ പ്രതികരിച്ചിരുന്നു. വിലകൂട്ടിയിട്ടും ഡീസലിന് 128 രൂപയും പെട്രോളിന് 80 രൂപയും നഷ്ടത്തിലാണ് വിൽപനയെന്നാണ് ശ്രീലങ്കൻ സർക്കാർ പറയുന്നത്. തലസ്ഥാനമായ കൊളംബോയിലടക്കം ഇന്ധന ക്ഷാമം അതിരൂക്ഷമാണ്.
ശ്രീലങ്കയിൽ ഇന്ധനവില വർധനവ് കൂടി രേഖപ്പെടുത്തിയതോടെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം സഞ്ചരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഏപ്രിൽ പകുതിയോടെ അന്താരാഷ്‌ട്ര നാണയ നിധിയുമായി (ഐഎംഎഫ്) ശ്രീലങ്ക ചർച്ചകൾ നടത്താനിരിക്കെയാണ് സർവ്വകക്ഷിയോഗം നടക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.
Comments