അമൃത്സർ: പഞ്ചാബിൽ കോൺഗ്രസിനെ തകർത്ത് ഭൂരിഭാഗം സീറ്റുകളിലും വിജയം കണ്ട ആം ആദ്മി പാർട്ടിയുടെ മെഗാ റോഡ് ഷോ ചർച്ചയാകുന്നു. അമൃത്സറിൽ നടക്കുന്ന റാലിയിൽ എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പങ്കെടുക്കും. മറ്റ് എഎപി നേതാക്കളായ മനീഷ് സിസോദിയ, രാഘവ് ഛദ്ദ എന്നിവരും റോഡ്ഷോയ്‌ക്കായി അമൃത്സർ എയർപോർട്ടിൽ എത്തി. പ്രധാന എഎപി നേതാക്കളെല്ലാം പങ്കെടുക്കുന്ന മെഗാ ഷോയ്‌ക്ക് പാർട്ടി ചിലവഴിക്കുന്നത് 2 കോടി 61 ലക്ഷം രൂപയാണെന്ന് കോൺഗ്രസ് നേതാവ് അൽക്ക ലാംബ ആരോപിച്ചു.
ഡൽഹി എംഎൽഎയാണ് അൽക്ക ലാംബ. വിവിധ സർക്കാർ ഉത്തരവുകളുടെയും നിർദേശങ്ങളുടെയും രേഖകൾ പങ്കുവെച്ച് ട്വിറ്ററിലൂടെയാണ് അവരുടെ പ്രതികരണമുണ്ടായത്. ‘അപ്പോൾ എഎപി എത്തിയത് രാഷ്‌ട്രീയം മാറ്റത്തിനാണോ? ആരംഭത്തിൽ തന്നെ പൊതുജനങ്ങളുടെ പണം കൊള്ളയടിക്കുന്നു. അരവിന്ദ് കെജ്രിവാൾ അമൃത്സറിൽ നടത്തിയ റോഡ്ഷോകൾക്കായി 15 ലക്ഷം രൂപ ചെലവഴിച്ചു. മറ്റ് ജില്ലകളിൽ സംഘടിപ്പിച്ചിരിക്കുന്ന റോഡ്ഷോകൾക്കായി സർക്കാർ ട്രഷറിയിൽ നിന്ന് 46 ലക്ഷം രൂപ അനുമതി ലഭിച്ചിട്ടുമുണ്ട്. പാഞ്ചാബിനും പഞ്ചാബികൾക്കും അഭിനന്ദനങ്ങൾ’ സ്‌ക്രീൻ ഷോട്ടുകൾ സഹിതം അൽക്ക ലാംബ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മനും തിരഞ്ഞെടുക്കപ്പെട്ട മറ്റ് എംഎൽഎമാരും മാർച്ച് 13ന് അമൃത്സർ സന്ദർശിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ പഞ്ചാബിലെ വിവിധ ജില്ലകളിലായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നു. നിർദിഷ്ട റോഡ്ഷോയ്‌ക്ക് ആവശ്യമായ ട്രാഫിക്, സുരക്ഷാ ക്രമീകരണങ്ങൾ നടത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
ചടങ്ങിന് ഗതാഗതം ഉൾപ്പെടെ മതിയായ ക്രമീകരണങ്ങൾക്കായി പഞ്ചാബിലെ 23 ജില്ലകൾക്കും 2 ലക്ഷം വീതവും അമൃത്സർ ഡെപ്യൂട്ടി കമ്മീഷണർക്ക് 15 ലക്ഷം രൂപയും ധനവകുപ്പിനോട് ആവശ്യപ്പെട്ട് റവന്യൂ പുനരധിവാസ സ്പെഷ്യൽ സെക്രട്ടറി നോട്ടീസ് നൽകി. പരിപാടികൾക്കാവശ്യമായി ബസുകൾ നൽകണമെന്ന് പഞ്ചാബ് സ്റ്റേറ്റ് ട്രാൻസ്പോർട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ എഎപിയുടെ പഞ്ചാബിലെ റോഡ്ഷോയ്‌ക്കായി പൊതുഖജനാവിൽ നിന്ന് ആകെ 61 ലക്ഷം രൂപ ചെലവഴിക്കും.
പഞ്ചാബ് കടക്കെണിയിലായിരിക്കുന്ന സമയത്ത് നടത്തുന്ന ഈ നീക്കം പൊതുഖജനാവിന്റെ കടുത്ത ദുരുപയോഗമാണെന്ന് കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറ പറഞ്ഞു. 3 ലക്ഷം കോടിയിലധികം കടബാധ്യതയുള്ള സമയത്ത് ഇത് അംഗീകരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
റോഡ് ഷോയ്‌ക്ക് പുറമെ, ഭഗവന്ത് മൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി 2 കോടി രൂപ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. മെഗാ പരിപാടിക്കായുള്ള ക്രമീകരണങ്ങൾക്കായി രണ്ട് കോടി രൂപ അനുവദിക്കാൻ റവന്യൂ, പുനരധിവാസ വകുപ്പിനോട് ആവശ്യപ്പെടുന്ന സർക്കാർ ഉത്തരവും അൽക്ക ലാംബ പങ്കുവെച്ചു. മാർച്ച് 16ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ, ആകെ രണ്ട് കോടി 61 ലക്ഷം രൂപ എഎപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനും റോഡ്ഷോയ്‌ക്കുമായി ചിലവിടുന്നുണ്ടെന്നാണ് കോൺഗ്രസ് പാർട്ടി ആരോപിക്കുന്നത്.
















Comments