ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ജനപക്ഷ സർക്കാരിന്റെ പിൻബലത്തിൽ 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2023ൽ മധ്യപ്രദേശ് നിലനിർത്തുമെന്നും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസിനെ തോൽപ്പിക്കുമെന്നും കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ പരാജയത്തെ കുറിച്ച് ചോദിച്ചപ്പോൾ കേന്ദ്രമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു, ‘കോൺഗ്രസ് എന്റെ ഭൂതകാലമായിരുന്നു, എന്റെ ഭൂതകാലത്തെക്കുറിച്ച് സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അടുത്ത വർഷം മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി വിജയിക്കുമെന്ന് എഎൻഐയോട് സംസാരിക്കവേ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.
സിന്ധ്യ 2021 മാർച്ചിലാണ് കോൺഗ്രസ് വിട്ടത്. യുവനേതാവിനൊപ്പം 22 കോൺഗ്രസ് നിയമസഭാംഗങ്ങളും ആറ് മന്ത്രിമാരും പാർട്ടി വിട്ടു. രാജസ്ഥാനിലും ഛത്തീസ്ഗഡിലും രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ഇപ്പോൾ മുഖ്യമന്ത്രിമാരുള്ളത്. 117 അംഗ പഞ്ചാബ് നിയമസഭയിൽ കോൺഗ്രസ് വെറും 18 സീറ്റിൽ ഒതുങ്ങി. ഗോവയിൽ 40ൽ 11 സീറ്റുകളും, ഉത്തരാഖണ്ഡിൽ 70ൽ 19 സീറ്റും മണിപ്പൂരിലെ 60ൽ അഞ്ചെണ്ണവും. ഉത്തർപ്രദേശിലെ 403 സീറ്റുകളിൽ രണ്ട് സീറ്റുമാണ് കോൺഗ്രസ് നേടിയത്. ബിജെപി യുപിയിൽ 255 സീറ്റുകൾ കരസ്ഥമാക്കി തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി. ഗോവയിൽ 20, മണിപ്പൂരിൽ 32, ഉത്തരാഖണ്ഡിൽ 47 എന്നിങ്ങനെയാണ് ബിജെപിയുടെ നില.
Comments