ബെംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ, ലങ്കൻ പടയെ 238 റൺസിന് തകർത്ത് ഇന്ത്യ. 447 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക. രണ്ടാം ഇന്നിംഗ്‌സിൽ 208 റൺസിന് പുറത്തായി. ഇതോടെ, രണ്ട് ടെസ്റ്റുകളിലും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. നാല് വിക്കറ്റെടുത്ത ആർ അശ്വിനും. മൂന്ന് വിക്കറ്റ് നേടിയ ജയപ്രീത് ബൂംറയുമാണ് ലങ്കൻ പടയുടെ വിക്കറ്റ് കൊയ്തത്. രണ്ട് ഇന്നിംഗ്‌സിൽ നിന്നായി എട്ട് വിക്കറ്റ് ബൂംറ സ്വന്തമാക്കിയത്.
മത്സരത്തിന്റെ മൂന്നാം ദിനം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ലങ്ക കളിയാരംഭിച്ചത്. അർധ സെഞ്ച്വറി നേടിയ കുശാൽ മെൻഡിസും, ക്യാപ്റ്റൻ ദിമുത് കരുണരത്‌നയും ചേർന്ന് 97 റൺസ് നേടി. എന്നാൽ, മെൻഡിസിനെ പുറത്താക്കിയ അശ്വിൻ വിക്കറ്റ് വേട്ട ആരംഭിച്ചു. പിന്നീട് ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസും(1), ധനഞ്ജയ ഡിസിൽവയും(4) വേഗത്തിൽ മടങ്ങി. ഇതോടെ എട്ട് റൺസിനിടെ ലങ്കൻ പടയ്‌ക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്.
ലങ്കയ്‌ക്കായി ക്യാപ്റ്റൻ ദിമുത് കരുണരത്‌നയാണ് സെഞ്ച്വറി നേടിയത്. അഞ്ചാം വിക്കറ്റിൽ, നിരോഷൻ ഡിക്ക്‌വെല്ലയെ കൂട്ടുപിടിച്ച് കരുണരത്‌ന 55 റൺസ് നേടി. 12 റൺസ് എടുത്ത ഡിക്ക്‌വെല്ലയെ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നാലെ എത്തിയ ചരിത് അസലങ്ക(5), ലസിത് എംബുൽദേനിയ(2), സുരംഗ ലക്മൽ(1) എന്നിവരും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ മുട്ടുമടക്കി. പ്രവീൺ ജയവിക്രമ മാത്രമാണ് ലങ്കൻ പടയിൽ പുറത്താകാതെ നിന്നത്.
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, 9 വിക്കറ്റിന് 303 എന്ന സ്‌കോറിൽ ഇന്ത്യ 2-ാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 28 എന്ന സ്‌കോറിലാണ് ലങ്കൻ പട രണ്ടാം ദിനത്തിലെ കളി അവസാനിപ്പിച്ചത്.
മായങ്ക് അഗർവാൾ (22), ക്യാപ്റ്റൻ രോഹിത് ശർമ (46), ഹനുമ വിഹാരി (35), വിരാട് കോഹ്ലി (13), ഋഷഭ് പന്ത് (51), ശ്രേയസ് അയ്യർ (67), രവീന്ദ്ര ജഡേജ (22), രവിചന്ദ്രൻ അശ്വിൻ (13), അക്ഷർ പട്ടേൽ (9), മുഹമ്മദ് ഷമി (16 നോട്ടൗട്ട്) എന്നിങ്ങനെയാണ് രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ താരങ്ങളുടെ സ്‌കോർ. മത്സരത്തിൽ, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി തികച്ച ഇന്ത്യൻ താരമായി ഋഷഭ് പന്ത്. വെറും 28 പന്തിൽ നിന്നാണ് ഋഷഭ് പന്ത് അർധ സെഞ്ച്വറി നേടിയത്.
Comments