ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നാണം കെട്ട തോൽവിക്ക് പിന്നാലെ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി മുതിർന്ന നേതാവ് കപിൽ സിബൽ. പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ചിലർ ശ്രമിക്കുന്നത് എന്ന് അദ്ദേഹം തുറന്നടിച്ചു. നേതൃസ്ഥാനത്ത് നിന്ന് ‘ഗാന്ധി’ കുടുംബം മാറി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സിബലിന്റെ പ്രതികരണം.
കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി 23 നേതാക്കളിൽ പ്രമുഖനാണ് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസ് നേതൃത്വം ഇപ്പോഴും സാങ്കൽപ്പിക ലോകത്താണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയെ ഒരു വീട്ടിൽ ഒതുക്കാനാണ് ഇവർ ശ്രമിക്കുന്നത്. അതിനാൽ നേതൃസ്ഥാനത്ത് നിന്നും ‘ഗാന്ധി’ കുടുംബം മാറി നിൽക്കണം. പുതുമുഖങ്ങൾക്കും, മറ്റ് പാർട്ടി പ്രവർത്തകർക്കും അവസരം നൽകണമെന്ന് അദ്ദേഹം പറഞ്ഞു.
‘ഗാന്ധി’ കുടുംബം ഇല്ലെങ്കിൽ പാർട്ടി ഇല്ലെന്ന മനോഭാവം മാറണം. തോൽവിക്ക് പിന്നാലെ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ‘ഗാന്ധി’ കുടുംബത്തിൽ പൂർണ വിശ്വാസം അർപ്പിച്ചിരുന്നു. അതിനെയാണ് അദ്ദേഹം വിമർശിച്ചത്. പ്രവർത്തക സമിതിക്ക് പുറത്തും പാർട്ടിക്കാർ ഉണ്ടെന്ന് തിരിച്ചറിയണം. അവരുടെ കഴിവ് മനസിലാക്കി പ്രവർത്തകർക്ക് കൂടുതൽ അവസരങ്ങൾ നൽകണം.
ചിലർ പാർട്ടിയെ വീട്ടിൽ ഒതുക്കാൻ ശ്രമിക്കുന്നു. എന്നാൽ എനിക്ക് വേണ്ടത് എല്ലാവരുടേയും, എല്ലാവർക്കും അവകാശമുള്ള കോൺഗ്രസ് ആണ്. അത് നേടാൻ അവസാന ശ്വാസം വരെ പോരാടുമെന്നും സിബൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയെയും സിബൽ രൂക്ഷമായി വിമർശിച്ചു. അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചിട്ടും രാഹുൽ അദ്ധ്യക്ഷനെ പോലെയാണ് പെരുമാറുന്നത്. പാർട്ടിയിലെ നിർണായക തീരുമാനങ്ങൾ എടുക്കാൻ രാഹുൽ ഗാന്ധിക്ക് എന്ത് അധികാരമാണ് ഉളളത് എന്ന് അദ്ദേഹം ചോദിച്ചു. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഏത് പദവിയുടെ പിൻബലത്തിലാണ് രാഹുൽ പ്രഖ്യാപിച്ചത് എന്നും സിബൽ ചോദിച്ചു. നേതൃസ്ഥാനം ഏറ്റെടുക്കാൻ താത്പര്യമില്ലാത്തയാൾ എങ്ങനെയാണ് പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുന്നത്. ഇത് വിരോധാഭാസമാണ്.
തെരഞ്ഞെടുപ്പ് പരാജയം തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നും സിബൽ തുറന്ന് പറഞ്ഞു. 2014 ശേഷം പാർട്ടി വിട്ടത് 177 എംഎൽഎമാരും എംപിമാരുമാണ്. 222 സ്ഥാനാർത്ഥികൾ കോൺഗ്രസിനെ ഒഴിവാക്കി പോയി. മറ്റൊരു പാർട്ടിയിലും ഇത്തരം സാഹചര്യം ഇല്ല എന്നും കപിൽ സിബൽ എടുത്ത് വ്യക്തമാക്കി.
പാർട്ടിയുടെ പരാജയം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല. പ്രിയങ്ക ഗാന്ധി നേതൃത്വം വഹിച്ച ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ട് ശതമാനത്തിലേക്ക് ചുരുങ്ങി. എന്നാൽ അവിടുത്തെ പരാജയത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments