കൊച്ചി: മോഡലുകളുടെ അപകടമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ, മോഡലുകൾ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്മാൻ എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികൾ. തെളിവ് നശിപ്പിച്ചതിന് നമ്പർ 18 ഹോട്ടലിലെ ജീവനക്കാരാണ് കേസിലെ മറ്റ് പ്രതികൾ. റോയ് വയലാട്ടിനെതിരെയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികളിൽ ഒരാളായ സൈജു, അമിത വേഗതയിൽ ഇവരുടെ വാഹനത്തെ പിന്തുടർന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മോഡലുകളുടെ വാഹനമോടിച്ച അബ്ദുറഹ്മാൻ മദ്യലഹരിയിലായിരുന്നു എന്നതും അപകടത്തിനിടയാക്കി.
കൂടാതെ, സൈജു തെറ്റായ ഉദ്ദേശത്തോടെയാണ് മോഡലുകളെ പിന്തുടർന്നതെന്നും, നമ്പർ 18 ഹോട്ടലിൽ നിന്നും മടങ്ങുന്നതിന് മുൻപ് റോയ് വയലാട്ട് മോഡലുകളോട് അവിടെ താമസിക്കാൻ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
2021 നവംബർ ഒന്നിനാണ് മോഡലുകൾ കൊച്ചിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ്പായ അഞ്ജന ഷാജൻ, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അബ്ദുറഹ്മാനാണ് അപകടത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത്. ഇയാൾ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്നും, അമിത വേഗതയാണ് അപകടകാരണമെന്നും പോലീസ് കണ്ടെത്തിയിരുന്നു.
എന്നാൽ, ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും മടങ്ങവേയാണ് അപകടമുണ്ടായതെന്നും, മരണത്തിൽ ദുരൂഹതയുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഡലുകളുടെ മരണത്തിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും, സൈജു തങ്കച്ചനും പങ്കുണ്ടെന്ന് കണ്ടെത്തിയത്.
















Comments