തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ മുട്ടിലിഴഞ്ഞ് പ്രതിഷേധം. മലപ്പുറം ജില്ലയിൽ എൽപി സ്‌കൂൾ ടീച്ചർമാരുടെ റാങ്ക് ലിസ്റ്റ് പിഎസ് സി മാനണ്ഡങ്ങൾ പാലിച്ച് വിപുലീകരിക്കണമെന്ന് ആവശ്യപെട്ടായിരുന്നു സമരം. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഒഴിവിന് ആനുപാതികമായല്ല മലപ്പുറം ജില്ലയിലെ റാങ്ക് ലിസ്റ്റ് പട്ടികയെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.
എൽ.പി.സ്‌കൂൾ അദ്ധ്യാപകരുടെ ഒഴിവുണ്ടായാൽ പരീക്ഷാ തീയതി വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണത്തിന്റെയോ, മുൻ ലിസ്റ്റിലെ നിയമന ശുപാർശയുടെ ശരാശരി എണ്ണത്തിന്റെയോ മൂന്നിരട്ടിവരെ ആളുകളെ മുഖ്യറാങ്ക് ലിസ്റ്റ് പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് ചട്ടം. എന്നാൽ മലപ്പുറം ജില്ലയിൽ ഇത് അട്ടിമറിക്കപ്പെടുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് 90 ദിവസമായി നടത്തിവന്ന സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുകയായിരുന്നു.
3500ലേറെ പേർ ഉൾപ്പെടേണ്ടിയിരുന്ന മലപ്പുറം ജില്ലയിൽ 997 പേരെ മാത്രമാണ് ഉൾപ്പെടുത്തിയത്. ഏറ്റവുമധികം കട്ട് ഓഫ് മാർക്കുണ്ടായിരുന്ന മലപ്പുറം ജില്ലയിൽ നല്ല മാർക്ക് നേടിയിട്ടും ജോലി ലഭിക്കാത്ത ദുരവസ്ഥയാണ് തെരുവിലെ സമരത്തിലേക്ക് എത്തിച്ചതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയെ ഉൾപ്പെടെ സമീപിച്ചിട്ടും പരിഹാരമുണ്ടായില്ല. മലപ്പുറത്ത് മാത്രമാണ് ഈ അനീതിയെന്നും ഉദ്യോഗാർത്ഥികൾ പറയുന്നു. മുഖ്യ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗാർത്ഥികൾ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാവുന്നതുവരെ സമരം തുടരാനാണ് തീരുമാനം എന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു.
















Comments