മമ്മൂട്ടി ചിത്രമായ പുഴു ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ നേരിട്ട് റിലീസിനൊരുങ്ങുന്നു. ദുൽഖർ സൽമാനും നടന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസിനും തീയേറ്റർ ഉടമകളുടെ സംഘടന വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെയാണ് പുഴുവും ഒടിടി റിലീസ് ആയിരിക്കുമെന്ന വിവരം പുറത്തുവരുന്നത്. ചിത്രത്തിന്റെ സംവിധായിക റതീനയാണ് ഒടിടി റിലീസ് ആണെന്ന് അറിയിച്ചത്. ഒരു ചാനൽ ചർച്ചയ്‌ക്കിടെയാണ് സ്ഥിരീകരണം.
ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് പുഴുവിന്റേയും നിർമ്മാണം. ഈ സാഹചര്യത്തിൽ ദുൽഖറിനും നിർമ്മാണ കമ്പനിയ്‌ക്കും ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് മമ്മൂട്ടിയ്‌ക്കും ഏർപ്പെടുത്തുമോ എന്നാണ് സിനിമാ ലോകം ഉറ്റു നോക്കുന്നത്. ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. പാർവ്വതി തിരുവോത്താണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
ദുൽഖർ ചിത്രം സല്യൂട്ട് ഒടിടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തി തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് എത്തിയത്. തീയേറ്റർ റിലീസ് വാഗ്ദാനം ചെയ്ത് ദുൽഖർ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്ക്. കൊച്ചിയിൽ ചേർന്ന എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
സല്യൂട്ട് തീയേറ്ററിൽ റിലീസ് ചെയ്യാമെന്ന് ദുൽഖർ വാക്ക് നൽകിയതായി ഫിയോക്ക് പറയുന്നു. ദുൽഖർ സൽമാൻ തന്നെ നിർമ്മിക്കുന്ന ചിത്രമാണ് സല്യൂട്ട്. കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്‌ക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മാർച്ച് 18ന് സോണി ലിവിൽ ഈ സിനിമ റിലീസ് ചെയ്യുമെന്നാണ് ദുൽഖർ സൽമാൻ അറിയിച്ചിരിക്കുന്നത്.
















Comments